കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിൽ എട്ടാം ക്ളാസ് വിദ്യാർഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. എബിവിപി സംഘടന ഇന്ന് കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. ആർഎസ്‌പി, ആർവൈഎഫ് തുടങ്ങിയ സംഘടനകൾ ഇന്ന് പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും.
പൊതു വിദ്യാഭ്യാസ ഡയറക്‌ടർ ഇന്ന് സ്‌കൂളിലെത്തി പരിശോധന നടത്തും. ബാലാവകാശ കമ്മീഷനും ഇന്ന് സ്‌കൂളിലെത്തും. തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിയായ മിഥുൻ (13) ആണ് സ്‌കൂൾ കെട്ടിടത്തിന് സമീപത്തെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ രാവിലെ ഷോക്കേറ്റ് മരിച്ചത്.
പടിഞ്ഞാറേ കല്ലട വലിയപാടം മനുഭവനിൽ മനു-സുജ ദമ്പതികളുടെ മകനാണ്. മൃതദേഹം ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുവൈത്തിൽ ഹോം നഴ്‌സായി ജോലി ചെയ്യുന്ന അമ്മ എത്തിയശേഷം സംസ്‌കാരം നടത്തും. സംഭവത്തിൽ ശാസ്‌താംകോട്ട പോലീസ് കേസെടുത്തു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
അനുമതി ഇല്ലാതെയാണ് ഷെഡ് നിർമിച്ചതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വർഗീസ് തരകൻ പറഞ്ഞു. കെട്ടിടത്തിന് പഞ്ചായത്ത് ഫിറ്റ്നസ് കൊടുത്തിട്ടുണ്ട്. ഷെഡിന്റെ കാര്യം സ്‌കൂൾ അധികൃതർ പറഞ്ഞിട്ടില്ല. വൈദ്യുതി ലൈനിന്റെ താഴെ കെട്ടിടം പണിയാൻ പാടില്ല. സ്‌കൂളിന് പഞ്ചായത്ത് നോട്ടീസ് നൽകുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്‌തേക്കും. പൊതു വിദ്യാഭ്യാസ ഡയറക്‌ടർ ഇന്ന് വിശദമായ റിപ്പോർട് നൽകും. ആരാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് അന്വേഷിക്കും. അപകടത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകളിൽ വിശദമായ സുരക്ഷാ പരിശോധന നടത്തും.
കുടുംബത്തിന് ആദ്യഘട്ടത്തിൽ അഞ്ചുലക്ഷം രൂപ ധനസഹായം നൽകുമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്‌ണൻകുട്ടി അറിയിച്ചു. കെഎസ്ഇബിയുടെ ഭാഗത്തും സ്‌കൂൾ മാനേജ്‍മെന്റിന്റെ ഭാഗത്തും വീഴ്‌ചയുണ്ടായി. ഷെഡ് കെട്ടുമ്പോൾ അനുമതി തേടിയിട്ടില്ല. കെഎസ്ഇബി ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് വീഴ്‌ചയുണ്ടെങ്കിൽ നടപടിയെടുക്കും. 15 ദിവസത്തിനുള്ളിൽ വിശദറിപ്പോർട് കെഎസ്ഇബിയും ജില്ലാ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറും നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!