കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിൽ എട്ടാം ക്ളാസ് വിദ്യാർഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യാൻ മാനേജ്മെന്റിന് നിർദ്ദേശം നൽകി. മാനേജ്മെന്റ് നടപടി എടുക്കാത്തപക്ഷം സർക്കാർ സസ്‌പെൻഡ് ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്‌കൂളിന്റെ ചുമതലയുണ്ടായിരുന്ന എഇഒ ആന്റണി പീറ്ററിനോട് ഉടൻ വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, നടപടി എടുക്കാതിരിക്കാനുള്ള കാരണം കാണിക്കൽ ആവശ്യപ്പെട്ട് സ്‌കൂൾ മാനേജ്മെന്റിന് നോട്ടീസ് നൽകും. മൂന്നുദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.
നഷ്‌ടപ്പെട്ടത് കേരളത്തിന്റെ ഒരു മകനെയാണ്. ആ പ്രാധാന്യം ഉൾക്കൊണ്ടാണ് നടപടി സ്വീകരിക്കുക. മിഥുന്റെ മരണത്തിൽ വകുപ്പിന് ചെയ്യാൻ കഴിയുന്ന പരമാവധി കാര്യം ചെയ്യുമെന്നും സ്‌കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നിർദ്ദേശങ്ങൾ വകുപ്പ് കൈമാറിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രധാനാധ്യപികയ്‌ക്ക് വീഴ്‌ച പറ്റിയതായി പൊതു വിദ്യാഭാസ ഡയറക്‌ടർ റിപ്പോർട് നൽകിയിരുന്നു.
തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ സുരക്ഷാ പ്രോട്ടോകോൾ പാലിച്ചില്ല. വൈദ്യുതി ലൈൻ അപകടാവസ്‌ഥയിലായിട്ട് വർഷങ്ങളായിട്ടും നടപടി ഉണ്ടായില്ലെന്നും റിപ്പോർട്ടിലുണ്ട്. അതിനിടെ, ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൻ കെവി മനോജ് കുമാർ സ്‌കൂൾ സന്ദർശിച്ചു. അധികൃതരെ കമ്മീഷൻ രൂക്ഷമായി വിമർശിച്ചു. മന്ത്രി ജെ ചിഞ്ചുറാണി മിഥുന്റെ വീട് സന്ദർശിച്ചു. അപകടത്തെക്കുറിച്ച് ഇന്നലെ നടത്തിയ പരാമർശത്തിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചു.
വിദ്യാർഥി മരിച്ച സംഭവത്തിൽ വീഴ്‌ച വന്നതായി പറയാൻ കഴിയില്ലെന്നായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്. മിഥുന്റെ വീട്ടിലെത്തിയ മന്ത്രി മുത്തശ്ശി മണിയമ്മ, അച്‌ഛൻ മനു, അനിയൻ സുജിൻ എന്നിവരെ ആശ്വസിപ്പിച്ചു. അതേസമയം, സ്‌കൂളിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പോലീസ് വെച്ച ബാരിക്കേഡ് തള്ളിമാറ്റാൻ പ്രതിഷേധക്കാർ ശ്രമിച്ചു. കെഎസ്‌യു, എബിവിപി സംഘടനകൾ ഇന്ന് ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിയായ മിഥുൻ (13) ആണ് സ്‌കൂൾ കെട്ടിടത്തിന് സമീപത്തെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ രാവിലെ ഷോക്കേറ്റ് മരിച്ചത്. പടിഞ്ഞാറേ കല്ലട വലിയപാടം മനുഭവനിൽ മനു-സുജ ദമ്പതികളുടെ മകനാണ്. മൃതദേഹം ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുവൈത്തിൽ ഹോം നഴ്‌സായി ജോലി ചെയ്യുന്ന അമ്മ എത്തിയശേഷം സംസ്‌കാരം നടത്തും.
Most Read| 16ആം വയസിൽ സ്‌തനാർബുദം, ശസ്‌ത്രക്രിയ; ഒടുവിൽ ലോകസുന്ദരി കിരീടം