കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) മരണത്തിൽ ഭർത്താവിനെതിരെ കേസെടുത്തു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ശാസ്‌താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷിനെതിരെ ചവറ പോലീസ് കേസെടുത്തത്.
മകൾ ആത്‍മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. സതീഷ് ശങ്കർ മദ്യപിച്ചെത്തി നിരന്തരമായി അതുല്യയെ ഉപദ്രവിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. പരാതിയുടെ അടിസ്‌ഥാനത്തിൽ ചവറ തെക്കുംഭാഗം പോലീസ് എസ്‌ഐ എൻ നിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ അതുല്യയുടെ മാതാവ് തുളസിഭായിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്‌ചയാണ് അതുല്യയെ ഷാർജയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിക്ക് അതുല്യ അയച്ച മർദ്ദനത്തിന്റെ വീഡിയോ പൊലീസിന് കൈമാറിയിട്ടുണ്ട്. 43 പവൻ സ്വർണം സ്‌ത്രീധനമായി ലഭിച്ചിരുന്നെന്നും ഇത് കുറഞ്ഞുപോയെന്ന് ആരോപിച്ച് അതുല്യയെ സതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നുമാണ് പരാതി.
രണ്ടുദിവസം മുൻപ് സതീഷ് മകളുടെ തലയിൽ പ്ളേറ്റ് കൊണ്ട് അടിച്ചുവെന്നും വയറിന് ചവിട്ടി കഴുത്തിന് കുത്തിപ്പിടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. സതീഷിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജങ്ഷൻ അതുല്യ ഭവനിൽ എസ് രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെ മകളാണ് അതുല്യ ശേഖർ.
Most Read| ‘ട്രംപ് പറഞ്ഞ 5 വിമാനങ്ങളെ കുറിച്ചുള്ള സത്യം എന്ത്?’; മോദിയോട് രാഹുൽ ഗാന്ധി