കണ്ണൂർ: ട്രെയിനിൽ വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയത്. ഇന്ന് പുലർച്ചെയാണ് ജയിൽ ചാടിയതെന്നാണ് നിഗമനം. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അധികൃതർ അറിയുന്നത്.
ഗോവിന്ദച്ചാമിക്കായി പോലീസ് പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ജയിൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. സെൻട്രൽ ജയിൽ ചാടിയ ഗോവിന്ദച്ചാമി പുറത്തുകടന്നത് എങ്ങനെയെന്ന് അവ്യക്‌തമാണ്. ജയിൽ വളപ്പിനുള്ളിൽ ഇയാൾ ഇല്ലാ എന്ന് അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തമിഴ്‌നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്‌നാട് പോലീസ് രേഖകളിൽ കേസുകളുണ്ട്. മോഷണക്കേസുകളിലും പ്രതിയാണ്. സംസ്‌ഥാന വ്യാപകമായി ഇയാൾക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വൈകീട്ട് അഞ്ചുമണിയോടെയാണ് ജയിൽ അധികൃതർ പ്രതികളെ അകത്തു കയറ്റുന്നത്.
രാവിലെ ഏഴോടെയാണ് സെല്ലിനകത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം സ്‌ഥിരീകരിച്ചത്. തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ പുറത്തേക്ക് ചാടിയതെന്നാണ് വിവരം. സെല്ലിനകത്ത് ഇയാൾ ഒറ്റയ്‌ക്കായിരുന്നു. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. തുടർന്ന് പുലർച്ചെ 1.15ഓടെയാണ് ഇയാൾ ജയിൽ ചാടിയത്. പുറത്തുനിന്ന് ഇയാൾക്ക് സഹായം ലഭിച്ചുവെന്നാണ് സൂചന.
ഗോവിന്ദച്ചാമിയെ കണ്ടാൽ ഉടൻ പോലീസിനെ അറിയിക്കണം. ഫോൺ: 9446899506. 2011 ഫെബ്രുവരി ഒന്നിന് ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി. കൊച്ചിയിലെ സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരിയായ യുവതി വീട്ടിലേക്ക് മടങ്ങുമ്പോൾ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
പിടിയിലായ ഗോവിന്ദച്ചാമിയെ 2011 നവംബർ 11ന് തൃശൂർ ഫാസ്‌റ്റ് ട്രാക്ക് കോടതിയും, പിന്നാലെ ഹൈക്കോടതിയും വധശിക്ഷയ്‌ക്ക് വിധിച്ചെങ്കിലും 2016 സെപ്‌തംബറിൽ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവ് നിലനിർത്തുകയും ആയിരുന്നു. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി വധശിക്ഷാ വിധി റദ്ദാക്കിയത്.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!








































