കണ്ണൂർ: ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ മൂന്ന് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്‌ഥരെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ജയിൽ ഉദ്യോഗസ്‌ഥർക്ക് വീഴ്‌ച ഉണ്ടായെന്ന് ജയിൽ മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു.
വ്യക്‌തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ജയിൽ ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്ന് വീഴ്‌ച സംഭവിച്ചിട്ടുണ്ട്. ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ല. ഉടൻ പിടികൂടാനായത് ആശ്വാസമാണ്. കണ്ണൂർ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കും. വിവരം അറിയാൻ വൈകി. നാലരമണിയോടെയാണ് ഇയാൾ ജയിൽ ചാടിയതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടുവളപ്പിൽ നിന്നാണ് ഗോവിന്ദച്ചാമി പിടിയിലായത്. റോയി എന്നയാളുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്തെ കിണറിന്റെ പടവിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. പോലീസ് സംഘം വീട് വളഞ്ഞ് കീഴ്‌പ്പെടുത്തുകയായിരുന്നു. ജയിൽ ചാടിയ കുറ്റത്തിന് കണ്ണൂർ ടൗൺ പോലീസ് ഗോവിന്ദച്ചാമിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി








































