പലവിധത്തിലുള്ള ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാണ് നമ്മൾ എല്ലാവരും. ഇത്തരം ആളുകളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്നുണ്ട്. ശാരീരികാധ്വാനം കുറഞ്ഞ ജോലികൾ ചെയ്യുന്നവരിലും, കൊഴുപ്പ് കൂടിയ ഭക്ഷണ രീതിയുമെല്ലാമാണ് ഇതിന് കാരണം. എന്നാൽ, ദിവസവും അൽപ്പനേരം നടക്കാൻ തീരുമാനിക്കുന്നത് ഇക്കാര്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
ദിവസവും 5000 മുതൽ 7000 ചുവടുകൾ വരെ നടക്കുന്നത് ഒരാളുടെ ആരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് ‘ദി ലാൻസെറ്റ് പബ്ളിക് ഹെൽത്തി’ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ദിവസവും ഏകദേശം 7000 ചുവടുകൾ നടക്കുന്നത് അകാല മരണത്തിനുള്ള സാധ്യത 47 ശതമാനം വരെ ഗണ്യമായി കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു.
സിഡ്നി സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 1,60,000ത്തിലധികം മുതിർന്നവരെ ഉൾപ്പെടുത്തിയ 57 പഠനങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് ഇവർ പരിഗണിച്ചത്. ദിവസവും വെറും 7000 ചുവടുകൾ നടക്കുന്നത് വീഴ്ചകൾ (28%), ഡിമെൻഷ്യ (38%), വിഷാദരോഗം (22%), അർബുദം (6%), ഹൃദയ സംബന്ധമായ രോഗങ്ങൾ (25%) പോലുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ചെറിയ തോതിലെങ്കിലും വ്യായാമം ചെയ്യുന്നത് നല്ലതാണെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. ദിവസവും 2000 ചുവടുകൾ വെക്കുന്നത് പോലും ആരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തിയേക്കുമെന്നാണ് പഠനം പറയുന്നത്. അധികമായി വയ്ക്കുന്ന ഓരോ 1000 ചുവടുകൾക്കും അതിന്റെതായ പ്രയോജനമുണ്ട്. ദിവസം 4000 ചുവടുകൾ വയ്ക്കുന്നത് പോലും രോഗസാധ്യത കുറയ്ക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!








































