കണ്ണൂർ: ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. കനത്ത സുരക്ഷയിലാണ് പ്രതിയെ കൊണ്ടുപോയത്. പുലർച്ചെ തന്നെ ജയിലിലെ നടപടികൾ പൂർത്തിയാക്കി. ശക്‌തമായ സുരക്ഷയിൽ, ഉന്നത ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിൽ ജയിലിൽ നിന്ന് പോലീസ് വാഹനത്തിലേക്ക് കയറ്റി.
പോലീസിന്റെ ദ്രുതകർമ സേനയുടെ വാഹനത്തിലാണ് ഗോവിന്ദച്ചാമിയെ കൊണ്ടുപോയത്. വാഹനം കടന്നുപോകുന്ന സ്‌റ്റേഷൻ പരിധികളിലെല്ലാം കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വിയ്യൂരിൽ ഏകാന്ത തടവിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കുക.
4.2 മീറ്ററാണ് സെല്ലിന്റെ ഉയരം. ഫാനും കട്ടിലും സിസിടിവി ക്യാമറകളും സജ്‌ജമാണ്. സെല്ലിലുള്ളവർക്ക് പരസ്‌പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം കഴിക്കാൻ പോലും സെല്ലിന് പുറത്തേക്കിറക്കില്ല. 6 മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവിലാണ് വിയ്യൂരിൽ മതിൽ പണിതിരിക്കുന്നത്. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള വിയ്യൂരിൽ നിലവിൽ 125 കൊടുംകുറ്റവാളികൾ മാത്രമാണുള്ളത്.
സുരക്ഷാ വീഴ്‌ച ഉണ്ടായതിനെ തുടർന്ന് ഗോവിന്ദച്ചാമിയെ ജയിൽ മാറ്റാൻ ഇന്നലെ തന്നെ തീരുമാനിച്ചിരുന്നു. ജയിൽ മേധാവിയും വീഴ്‌ച സമ്മതിച്ചിരുന്നു. നാല് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇന്നലെ പുലർച്ചെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ നാല് കിലോമീറ്റർ അകലെയുള്ള ഓഫീസ് കെട്ടിടത്തിന്റെ കിണറ്റിൽ നിന്നാണ് പിടികൂടിയത്.
കണ്ണൂർ സെൻട്രൽ ജയിലിലെ ജീവിതം മടുത്തതിനാലാണ് ജയിൽ ചാടിയതെന്നാണ് ഗോവിന്ദച്ചാമി പോലീസിനോട് പറഞ്ഞത്. ജയിൽ ചാടി പിടിക്കപ്പെട്ടാൽ കണ്ണൂർ ജയിലിൽ നിന്ന് മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റുമെന്ന വിവരം ഗോവിന്ദച്ചാമിക്ക് ലഭിച്ചുവെന്നാണ് സൂചന. അല്ലെങ്കിൽ ഇതര സംസ്‌ഥാനത്തേക്ക് കടക്കാനായിരുന്നു പദ്ധതി.
2011 നവംബർ 11 മുതലാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്. അതിന് മുൻപ് തൃശൂർ ജില്ലാ ജയിലിലായിരുന്നു. വധശിക്ഷ വിധിച്ചതിന് ശേഷമാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
2011 ഫെബ്രുവരി ഒന്നിന് ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി. കൊച്ചിയിലെ സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരിയായ ഷൊർണൂർ സ്വദേശിനിയായ യുവതി വീട്ടിലേക്ക് മടങ്ങുമ്പോൾ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
പിടിയിലായ ഗോവിന്ദച്ചാമിയെ 2011 നവംബർ 11ന് തൃശൂർ ഫാസ്‌റ്റ് ട്രാക്ക് കോടതിയും, പിന്നാലെ ഹൈക്കോടതിയും വധശിക്ഷയ്‌ക്ക് വിധിച്ചെങ്കിലും 2016 സെപ്‌തംബറിൽ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവ് നിലനിർത്തുകയും ആയിരുന്നു. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി വധശിക്ഷാ വിധി റദ്ദാക്കിയത്.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി








































