തിരുവനന്തപുരം: കോൺഗ്രസിനെ വെട്ടിലാക്കി പ്രാദേശിക നേതാവുമായുള്ള തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് രംഗത്ത്. പാലോട് രവിയുടെ പ്രസ്‌താവന ഗൗരവമുള്ള വിഷയമാണെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു.
വിഷയം കേരളത്തിലെ മുതിർന്ന നേതാക്കളുമായും എഐസിസി നേതൃത്വവുമായും ചർച്ച ചെയ്യുന്നുണ്ടെന്നും ഇതിന്റെ അടിസ്‌ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാന കോൺഗ്രസ് നേതൃത്വത്തെ പൂർണമായി പ്രതിരോധത്തിലാക്കിയ പ്രസ്‌താവനയ്‌ക്ക് പാലോട് രവിക്കെതിരെ കടുത്ത നടപടി ഉണ്ടാവുമെന്ന സൂചനയാണ് കോൺഗ്രസ് നേതൃത്വം നൽകുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് എടുക്കാച്ചരക്കായി മാറുമെന്നും എൽഡിഎഫിന് മൂന്നാമതും തുടർഭരണം ലഭിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലടക്കം കോൺഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്നുമുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഒരു ഡിസിസി പ്രസിഡണ്ടിൽ നിന്നുതന്നെ ഇത്തരമൊരു പ്രസ്‌താവന ഉണ്ടായത് അത്യന്തം ഗൗരവത്തോടെയാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്.
അതേസമയം, പ്രാദേശിക നേതാവുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി പാലോട് രവി രംഗത്തെത്തിയിരുന്നു. പാർട്ടി പ്രവർത്തകന് നൽകിയത് ജാഗ്രതാ നിർദ്ദേശം മാത്രമാണെന്നും വേണ്ട പോലെ പ്രവർത്തിച്ചില്ലെങ്കിൽ പാർട്ടിയെ ബാധിക്കുമെന്ന് താക്കീത് നൽകുകയായിരുന്നുവെന്നും പാലോട് രവി പറഞ്ഞു.
ജനങ്ങൾ ആഗ്രഹിക്കുന്നത് ഈ സർക്കാർ മാറണമെന്നാണ്. ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ ജനങ്ങളുമായി ബന്ധപ്പെട്ട് ഭവന സന്ദർശനം നടത്തി നല്ല ടീം വർക്കോടെ പ്രവർത്തിക്കണമെന്ന സന്ദേശമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
Most Read| അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം