കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. വയനാട് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. സ്‌റ്റേഷൻ ജാമ്യവ്യവസ്‌ഥ ലംഘിച്ചതായി സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
അതിനിടെ, ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ പോലീസിന്റെ സാന്നിധ്യത്തിൽ ഹോട്ടലിൽ മദ്യപിച്ച സംഭവത്തിൽ ജില്ലാ പോലീസ് ആസ്‌ഥാനത്തെ മൂന്ന് പോലീസ് ഉദ്യോഗസ്‌ഥരെ ഇന്നലെ സസ്‌പെൻഡ് ചെയ്‌തിരുന്നു. പ്രതികളെ ജൂൺ 17ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തലശ്ശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴാണ് സംഭവം.
ഉച്ചഭക്ഷണം കഴിക്കാൻ പ്രതികളുമായി കോടതിക്ക് സമീപത്തെ ഹോട്ടലിലാണ് കയറിയത്. പ്രതികളുടെ സുഹൃത്തുക്കൾ ഇവിടെയെത്തുകയും പോലീസിന്റെ സാന്നിധ്യത്തിൽ മദ്യപിക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിക്കുകയും പോലീസിന് വീഴ്‌ച സംഭവിച്ചെന്ന് കണ്ടെത്തുകയും ആയിരുന്നു.
മദ്യപിച്ച സംഭവം പുറത്തറിയാതിരുന്നതിനാൽ ജൂലൈ 25നാണ് കൊടി സുനിക്ക് പരോൾ അനുവദിച്ചത്. മീനങ്ങാടി പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. സ്‌റ്റേഷനിൽ ഹാജരാകാതെ വിവിധ ജില്ലകളിൽ സഞ്ചരിച്ചതായും ഇതര സംസ്‌ഥാനങ്ങളിലേക്ക് കടക്കാൻ ശ്രമിച്ചതായും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട് ചെയ്‌തിരുന്നു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം






































