
കടൽവെള്ളത്തിന് നിറം മാറ്റം കണ്ടത് ചാവക്കാട് എടക്കഴിയൂർ പ്രദേശത്തുകാർക്കിടയിൽ ആശങ്കയും കൗതുകവുമുണർത്തി. എന്തെന്ന് മനസിലാവാതെ മൽസ്യത്തൊഴിലാളികളും ആശങ്കയോടെ നിന്നു. ഇന്നലെ രാവിലെ മുതലാണ് തൃശൂർ ജില്ലയിലെ എടക്കഴിയൂർ ബീച്ച്, അഫയൻസ് ബീച്ച് എന്നിവിടങ്ങളിൽ വെള്ളത്തിന് നിറവ്യത്യാസം കണ്ടത്.
തീരക്കടലിലെ വെള്ളത്തിന് ഇളം ചുവപ്പ് നിറമാണ് കണ്ടത്. കടൽ തിരകളില്ലാതെ കായൽ പോലെ ശാന്തമായി കിടക്കുകയാണ്. കടലിൽ മീൻ പിടിച്ചിരുന്ന മൽസ്യത്തൊഴിലാളികളും തീരക്കടലിൽ വലവീശി മീൻ പിടിച്ചിരുന്ന തൊഴിലാളികളുമാണ് നിറ വ്യത്യാസം കണ്ടത്. രണ്ടുകിലോമീറ്ററോളം നീളത്തിലാണ് ഇളം ചുവപ്പ് നിറമുള്ളത്.
ഇത്തരത്തിൽ ഒരു പ്രതിഭാസം മുൻപ് കണ്ടിട്ടില്ലെന്നാണ് പ്രദേശത്തുള്ള പഴമക്കാർ പറയുന്നത്. മഴ വെള്ളവും കടൽ വെള്ളവും ചേർന്ന് നിറമാറ്റം ഉണ്ടാകുമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്തുതന്നെയായാലും നിറമാറ്റത്തെ കുറിച്ച് വിശദമായ പഠനം നടത്തണമെന്നാണ് മൽസ്യത്തൊഴിലാളികളുടെ ആവശ്യം.
Most Read| അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം




































