ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനം; നൂറോളം പേരെ കാണാതായി, തിരച്ചിൽ തുടരുന്നു

രണ്ടുകിലോമീറ്റർ അകലെ ഹർഷീലിലുള്ള സൈനിക ക്യാമ്പ് തകർന്നാണ് സൈനികരെ കാണാതായത്.

By Senior Reporter, Malabar News
Uttarakhand Cloudburst
Uttarakhand Cloudburst (Image Courtesy: NDTV)

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ധരാലിയിലെ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. എട്ട് സൈനികരടക്കം നൂറോളംപേരെ കാണാതായി. നാലുമരണമാണ് സ്‌ഥിരീകരിച്ചത്‌. വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത.

മലയാളികൾ ഉൾപ്പടെയുള്ളവർ ഗംഗോത്രി യാത്രക്കിടെ വിശ്രമിക്കാൻ നിർത്തുന്ന സ്‌ഥലത്താണ്‌ അപകടം ഉണ്ടായത്. രണ്ടുകിലോമീറ്റർ അകലെ ഹർഷീലിലുള്ള സൈനിക ക്യാമ്പ് തകർന്നാണ് സൈനികരെ കാണാതായത്. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 1.45നാണ് പ്രളയം ഉണ്ടായത്. മലമുകളിൽ നിന്നും കുത്തിയൊഴുകിവന്ന പ്രളയജലം വീടുകൾക്ക് മുകളിലൂടെ കുതിച്ചൊഴുകുകയായിരുന്നു.

വാഹനങ്ങളും ജനങ്ങളുമടക്കം ഒഴുക്കിൽപ്പെട്ടു. വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. വിനോദസഞ്ചാരികൾ ധാരാളമെത്തുന്നതിനാൽ ഹോം സ്‌റ്റേകളും മറ്റുമുള്ള സ്‌ഥലമാണിത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര, സംസ്‌ഥാന ദുരന്തനിവാരണ സംഘം സ്‌ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. സൈന്യവും എത്തിയിട്ടുണ്ട്.

50 വീടുകളും 20 ഹോട്ടലുകളും പൂർണമായി തകർന്നു. ഗ്രാമത്തിന്റെ പകുതിയും തുടച്ചുനീക്കപ്പെട്ടു. റോഡുകളും വീടുകളും മണ്ണിലും ചെളിയിലും മൂടിയ നിലയിലാണ്. 37 പേരെ ഇൻഡോ-ടിബറ്റൻ ബോർഡ് പോലീസ് രക്ഷപ്പെടുത്തി. മലയുടെ മറുഭാഗത്തുള്ള സുക്ഖി ഗ്രാമത്തിലും മലവെള്ളപ്പാച്ചിലിൽ നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

മേഖലയിൽ കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. 5 ദേശീയപാതകളിലും 7 സംസ്‌ഥാന പാതകളിലും മറ്റ് 163 റോഡുകളിലും മണ്ണിടിച്ചിൽ കാരണം ഗതാഗതം തടസപ്പെട്ടു. പ്രളയത്തെ തുടർന്ന് ഖേർ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നതിനാൽ നദീതീരത്തെ താമസക്കാരും മറ്റും സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Most Read| യുഎസ് താരിഫ് ഭീഷണി; അജിത് ഡോവൽ റഷ്യയിൽ, ബന്ധം ശക്‌തമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE