ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ധരാലിയിലെ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവരിൽ മലയാളികളും. ഹരിദ്വാറിൽ നിന്ന് ഗംഗോത്രയിലേക്ക് പോവുകയായിരുന്ന 28 പേരടങ്ങുന്ന സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. എന്നാൽ, ഇവർ സുരക്ഷിതരാണെന്നാണ് സൈന്യം മുഖേന ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം.
കേരളത്തിൽ നിന്നുള്ള എട്ടുപേരും മുംബൈയിൽ നിന്നുള്ള മലയാളികളായ 20 പേരുമാണ് സംഘത്തിലുള്ളത്. തൃപ്പുണിത്തുറ, കായംകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള എട്ടുപേരും ബന്ധുക്കളാണ്. തൃപ്പുണിത്തുറ സ്വദേശിയായ നാരായണൻ നായരും ഭാര്യ ശ്രീദേവിയും അവരുടെ ബന്ധുക്കളുമാണ് എട്ടംഗ സംഘത്തിലുള്ളത്.
ഗംഗോത്രിയിലേക്ക് പോകുന്ന വഴിക്ക് ഇവർ വീടുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സംഘാംഗങ്ങളുടെ ബന്ധുക്കൾ വ്യക്‌തമാക്കി. നിലവിൽ സംഘം ബസിൽ കുടുങ്ങിക്കിടക്കുകയാണെന്നും അടുത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടാണെന്നുമാണ് വിവരം ലഭിക്കുന്നത്. ടൂർ പാക്കേജ് എടുത്താണ് സംഘം ഉത്തരകാശിയിലേക്ക് യാത്ര തിരിച്ചത്.
Most Read| അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം





































