ന്യൂഡെൽഹി: യുഎസിൽ നിന്ന് രാജ്യത്തിനെതിരെ ആണവ ഭീഷണി മുഴക്കിയ പാക്ക് സൈനിക മേധാവി അസിം മുനീറിന് മറുപടിയുമായി ഇന്ത്യ. ആണവ പോർവിളി എന്നത് പാക്കിസ്ഥാന്റെ വിൽപ്പനച്ചരക്കാണെന്ന് വിദേശകാര്യ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.
ഒരു സൗഹൃദ രാജ്യത്തിന്റെ മണ്ണിൽ നിന്ന് അത്തരമൊരു പരാമർശങ്ങൾ വന്നത് ദൗർഭാഗ്യകരമാണ്. നിരുത്തരവാദിത്തം ജൻമസിദ്ധമാണെന്നും ഈ പരാമർശങ്ങളിൽ നിന്ന് രാജ്യാന്തര സമൂഹത്തിന് മനസിലാകും. സൈന്യത്തിന് ഭീകരരുമായി അടുത്ത ബന്ധമുണ്ടെന്നത് പരിഗണിക്കുമ്പോൾ, ആണവായുധങ്ങളുടെ മേലുള്ള നിയന്ത്രണത്തിൽ പാക്കിസ്ഥാന്റെ സത്യസന്ധത എത്രത്തോളമുണ്ടെന്നത് ആശങ്കാജനകമാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
പാക്കിസ്ഥാൻ നിരുത്തരവാദ രാജ്യമാണെന്നാണ് യുഎസ് മണ്ണിൽ നിന്ന് അസിം മുനീറിന്റെ ആണവ ഭീഷണി പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങളും പ്രതികരിച്ചു. ഫ്ളോറിഡയിൽ നടന്ന അത്താഴവിരുന്നിൽ സംസാരിക്കവെയാണ് അസിം മുനീറിന്റെ ആണവ ഭീഷണി. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡിന്റെ സ്ഥാനമൊഴിയുന്ന കമാൻഡർ ജനറൽ മൈക്കിൾ കുറില്ലയുടെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ യുഎസിൽ എത്തിയതായിരുന്നു അസിം മുനീർ.
ഞങ്ങൾ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങൾ ഇല്ലാതാകുമെന്ന് തോന്നിയാൽ, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങൾ കൂടെ കൊണ്ടുപോകും. സിന്ധൂതദീജല കരാർ താൽക്കാലികമായി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാക്കിസ്ഥാനിലെ 250 മില്യൺ ജനങ്ങളെ അപകടത്തിലാക്കിയേക്കാം എന്നും അസിം മുനീർ പറഞ്ഞു.
”ഇന്ത്യ ഒരു അണക്കെട്ട് നിർമിക്കാൻ ഞങ്ങൾ കാത്തിരിക്കും. അത് നിർമിച്ച് കഴിയുമ്പോൾ പത്ത് മിസൈൽ ഉപയോഗിച്ച് ഞങ്ങൾ അത് തകർക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. ഞങ്ങൾക്ക് മിസൈലുകൾക്ക് കുറവില്ല”- അസിം മുനീർ പറഞ്ഞു.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!