കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡണ്ടായി ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡണ്ട് സ്‌ഥാനത്തേക്ക് എത്തുന്നത്. വിവാദങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും സജീവമായ തിരഞ്ഞെടുപ്പിൽ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ വിജയിച്ചത്.
കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി. ട്രഷറർ ആയി ഉണ്ണി ശിവപാൽ തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ പത്തുമുതൽ ഉച്ചയ്‌ക്ക് ഒരുമണിവരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 233 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശം ഉള്ളത്. മോഹൻലാൽ, സുരേഷ് ഗോപി അടക്കമുള്ളവർ വോട്ട് ചെയ്‌തു. ചെന്നൈയിലായതിനാൽ മമ്മൂട്ടി എത്തിയില്ല.
ഏറെ വെല്ലുവിളികൾ തരണം ചെയ്‌താണ് ശ്വേത മേനോൻ പ്രസിഡണ്ട് സ്‌ഥാനത്തെത്തിയത്. അശ്‌ളീല സിനിമകളിൽ അഭിനയിച്ച് സാമ്പത്തികലാഭം നേടിയെന്ന പരാതിയിൽ ശ്വേതക്കെതിരെ പോലീസ് കേസ് വരെ രജിസ്‌റ്റർ ചെയ്‌തിരുന്നു. എന്നാൽ, ഹൈക്കോടതിൽ നിന്ന് സ്‌റ്റേ ലഭിച്ചു. ഇത്തരം പ്രതിസന്ധികളെല്ലാം അതിജീവിച്ചാണ് ശ്വേത സംഘടനയുടെ തലപ്പത്തെത്തുന്നത്.
ജയൻ ചേർത്തലയും ലക്ഷ്‌മിപ്രിയയുമാണ് വൈസ് പ്രസിഡണ്ട് സ്‌ഥാനത്തേക്ക് മൽസരിച്ച് ജയിച്ചത്. അൻസിബയാണ് ജോയിന്റ് സെക്രട്ടറി. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രാജിവെച്ചത്. പിന്നാലെ ഓഗസ്‌റ്റ് 27ന് ഭരണസമിതി രാജിവെച്ചൊഴിഞ്ഞു. ഇതോടെയാണ് സംഘടന വീണ്ടും തിരഞ്ഞെടുപ്പിലേക്ക് എത്തിയത്.
Most Read| മൊബൈൽ ഫോൺ ഉപയോഗം; കുട്ടികളിൽ ആത്‍മഹത്യാ ചിന്തകൾ ഉണർത്തുമെന്ന് പഠനം








































