ചേർത്തല: ഏറ്റുമാനൂർ സ്വദേശി ജെയ്‌നമ്മ കൊല്ലപ്പെട്ടിരിക്കാമെന്ന് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. പ്രതിയായ പള്ളിപ്പുറം ചൊങ്ങുംതറയിൽ സിഎം സെബാസ്‌റ്റ്യന്റെ വീട്ടിൽ വെച്ച് കൊല്ലപ്പെട്ടതാകാമെന്നാണ് പോലീസ് പറയുന്നത്. സെബാസ്‌റ്റ്യന്റെ വീട്ടിൽ കോട്ടയം ക്രൈം ബ്രാഞ്ച് വീണ്ടും പരിശോധന നടത്തി.
വീട്ടുവളപ്പിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലം അടുത്തയാഴ്‌ച ലഭിക്കുമെന്നാണ് കരുതുന്നത്. സെബാസ്‌റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്‌തക്കറ ജെയ്‌നമ്മയുടേതെന്ന് സ്‌ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച സ്‌ഥിരീകരണമുണ്ടായത്.
നേരത്തെ സെബാസ്‌റ്റ്യന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പിറകുവശത്തെ മുറിയിൽ നിന്ന് രക്‌തക്കറ കണ്ടെത്തിയത്. വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ ശരീരാവശിഷ്‌ടങ്ങളും കണ്ടെടുത്തിരുന്നു. ഇവയാണ് ഡിഎൻഎ പരിശോധനക്ക് അയച്ചത്. പരിശോധനാ ഫലവും സമാനമായാൽ ക്രൈം ബ്രാഞ്ച് അടുത്ത നടപടികളിലേക്ക് കടക്കും.
കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്‌മനാഭൻ (52), വാരനാട് സ്വദേശി റിട്ട. ഗവ. ഉദ്യോഗസ്‌ഥ ഐഷ (57), കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ (54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്‌റ്റ്യനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവർ മൂന്നുപേരും കൊല്ലപ്പെട്ടിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി








































