‘വോട്ടുകൊള്ള’: നനഞ്ഞ പ്രതിരോധവുമായി തിരഞ്ഞെടുപ്പു കമ്മിഷൻ

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപിച്ചുള്ള വാര്‍ത്താസമ്മേളനത്തിനും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്കും പിന്നാലെ വാര്‍ത്താ സമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

By Senior Reporter, Malabar News
Vote Chori-Election Commission with Weak Defence-Gyanesh Kumar
Gyanesh Kumar | Image source: FB/ECI | Cropped by MN
Ajwa Travels

ന്യൂഡെൽഹി: തിരഞ്ഞെടുപ്പു കമ്മിഷന് രാഷ്‌ട്രീയ പാർട്ടികളോടു വിവേചനമില്ലെന്നും വോട്ടു കൊള്ള അടക്കമുള്ള ആരോപണങ്ങളെ കമ്മിഷനോ വോട്ടർമാരോ ഭയപ്പെടുന്നില്ലെന്നും കമ്മിഷന്റെ തോളിൽ തോക്കു വച്ച് വോട്ട‌ർമാരെ ലക്ഷ്യമിട്ടു രാഷ്‌ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ.

തെരഞ്ഞടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും ചിലര്‍ കമീഷനെ കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് രംഗത്ത് പരാതിയുണ്ടെങ്കില്‍ 45 ദിവസത്തിനകം കോടതിയെ സമീപിക്കാന്‍ അവസരം ഉണ്ട്. പ്രതിപക്ഷം രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘‘ഇന്ത്യൻ ഭരണഘടന അനുസരിച്ച്, 18 വയസ്‌ തികഞ്ഞ ഓരോ ഇന്ത്യൻ പൗരനും വോട്ടു ചെയ്യണം. നിയമപ്രകാരം, എല്ലാ രാഷ്‌ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്‌റ്റർ ചെയ്‌താണ്‌ പ്രവർത്തിച്ചുതുടങ്ങുന്നത്. പിന്നെ എങ്ങനെയാണ് രാഷ്‌ട്രീയ പാർട്ടികളോ‌ട് തിരഞ്ഞെടുപ്പു കമ്മിഷന് വിവേചനം കാണിക്കാൻ കഴിയുക? തിരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ചിടത്തോളം എല്ലാവരും തുല്യരാണ്. ഏതു രാഷ്‌ട്രീയ പാർട്ടിയിൽ പെട്ടവരായാലും, തിരഞ്ഞെടുപ്പു കമ്മിഷൻ അതിന്റെ ഭരണഘടനാപരമായ കടമയിൽനിന്നു പിന്മാറില്ല. എന്നിങ്ങനെയാണ് വൈകാരികമായ പ്രതിരോധത്തിൽ ഉപയോഗിച്ച വാക്കുകൾ.

കോടതിയെ സമീപിക്കാതെ വോട്ട് ചോരി ആരോപണം ഉന്നയിക്കുന്നത് അപകടകരം. ഭരണഘടനയെ അപമാനിക്കുന്നു. വോട്ടര്‍മാരുടെ ചിത്രം അവരുടെ അനുമതിയില്ലാതെ വീഡിയോയില്‍ നല്‍കുന്നു. അവരുടെ അനുമതിയില്ലാതെയാണ് ഇത് ചെയ്യുന്നത്. വോട്ടെടുപ്പില്‍ ഒരു കോടിയിലധികം തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരാണ് പ്രവര്‍ത്തിക്കുന്നത്. ലക്ഷക്കണക്കിന് പോളിംഗ് ഏജന്റുമാരും പ്രവര്‍ത്തിക്കുന്നു. ഇവരെയൊക്കെ മറികടന്ന് വോട്ട് ചോരി എങ്ങനെ നടക്കും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വൈകാരിക പ്രതിരോധത്തിലെ വാക്കുകൾ ഇങ്ങിനെ പോകുന്നു.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അക്കമിട്ടു ഉന്നയിച്ച പരാതികൾക്ക് മറുപടി നൽകാൻ കമ്മീഷൻ ശ്രമിച്ചിട്ടില്ല. ഒരു വ്യക്‌തിക്ക്‌ ലൈസൻസ്‌ കയ്യിൽ കിട്ടാൻ 45 ദിവസമെടുക്കുന്ന രാജ്യത്ത്, കിലോക്കണക്കിന് വരുന്ന അന്തിമ വോട്ടർപട്ടിക പരിശോധിക്കാനും ആ പരിശോധന ഏകോപിപ്പിക്കാനും പരിശോധന വിലയിരുത്താനും ശേഷം തെളിവുകളുടെ വെളിച്ചത്തിൽ പരാതിനൽകാനും 45 ദിവസത്തെ സമയം ഒട്ടും പോരാതെവരുമെന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ കാണാത്ത പോകുകയും എന്നാൽ അതിനെ അടിസ്‌ഥാനമാക്കി വൈകാരിക പ്രതിരോധം ഉയർത്തുകയുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രസമ്മേളനത്തിലുടനീളം ചെയ്‌തത്‌.

ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധിക്കെതിരെ എന്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പോകുന്നില്ല എന്ന ചോദ്യവും സമ്മേളനത്തിൽ തമസ്‌കരിക്കപ്പെട്ടു. അമ്മമാർ, മരുമക്കൾ, പെൺമക്കൾ എന്നിവരുൾപ്പെടെ ഏതെങ്കിലും വോട്ടറുടെ സിസിടിവി വിഡിയോകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പങ്കുവക്കണമെന്നാണോ പറയുന്നത് എന്ന ചോദ്യം അതിവൈകാരികമായി ഉന്നയിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ, രാജ്യത്തെ പൊതു സ്‌ഥലത്തും ബസ് സ്‌റ്റാൻഡുകളിലും എന്തിനധികം ഭക്ഷണം കഴിക്കുന്ന ഹോട്ടലുകളിൽ വരെ സ്‌ഥാപിച്ചിരിക്കുന്ന അനേകംകോടി സ്വകാര്യ സിസിടിവി ദൃശ്യങ്ങളിൽ പെടുന്ന അമ്മമാർ, മരുമക്കൾ, പെൺമക്കൾ എന്ന പൊതു യാഥാർഥ്യത്തെയും അവഗണിച്ചുള്ള വൈകാരിക പ്രതിരോധമാണ് ഉയർത്തിയത്.

ചിന്താശേഷിയില്ലാത്ത വിഭാഗത്തിനെ തൃപ്‌തിപ്പെടുത്തുന്ന അതിവൈകാരികമായ പ്രതിരോധത്തിൽ ചില വോട്ടർമാർക്കെതിരെ ഇരട്ട വോട്ട് ആരോപണം ഉന്നയിച്ചു. തെളിവു ചോദിച്ചപ്പോൾ മറുപടി ലഭിച്ചില്ല. തിരഞ്ഞെടുപ്പു കമ്മിഷനോ മറ്റു വോട്ടർമാരോ ഇത്തരം വ്യാജ ആരോപണങ്ങളെ ഭയപ്പെടുന്നില്ല. തിരഞ്ഞെടുപ്പു കമ്മിഷന്റെ തോളിൽ തോക്കു വച്ച് ഇന്ത്യയിലെ വോട്ടർമാരെ ലക്ഷ്യം വച്ചു രാഷ്‌ട്രീയം കളിച്ചാൽ, വ്യക്‌തമായി പറയുന്നു, കമ്മിഷൻ വോട്ടർമാർക്കൊപ്പം ഉറച്ചുനിൽക്കും. ദരിദ്രർ, ധനികർ, വയോധികർ, സ്‌ത്രീകൾ, യുവാക്കൾ തുടങ്ങിയ വ്യത്യാസങ്ങളോ വിവേചനങ്ങളോ ഇല്ലാതെ, ഏതു മതത്തിലും വിഭാഗത്തിലും പെട്ട വോട്ടർമാർക്കൊപ്പം കമ്മിഷൻ എന്നും നിലകൊള്ളും. എന്നിങ്ങനെയുള്ള വാക്കുകളുടെ ഒഴുക്കും ശ്രദ്ധേയമായി ഉൾപ്പെടുത്തിയിരുന്നു.

HEALTH | മൊബൈൽ കുട്ടികളിൽ ആത്‍മഹത്യാ ചിന്തകൾ ഉണർത്തുമെന്ന് പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE