ന്യൂഡെൽഹി: ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം. സുപ്രീം കോടതി മുൻ ജഡ്ജി ബി. സുദർശൻ റെഡ്ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മൽസരിക്കും. ഹൈദരാബാദ് സ്വദേശിയാണ്. എല്ലാ പാർട്ടികളും സ്ഥാനാർഥിത്വത്തെ അനുകൂലിച്ചതായി മുന്നണി അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.30ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതൊരു ആശയ പോരാട്ടമാണെന്നും, ഏറ്റവും യുക്തനായ ആളെയാണ് തിരഞ്ഞെടുത്തതെന്നും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.
പാവങ്ങൾക്കായി ശക്തമായി നിലപാടെടുത്ത, ഭരണഘടനയ്ക്കായി നിലകൊള്ളുന്ന ആളാണ് സുദർശൻ റെഡ്ഡി. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കാൻ ഇദ്ദേഹത്തെ പോലെയുള്ള ആളാണ് വേണ്ടത്. പ്രതിപക്ഷത്തുള്ള എല്ലാവരും ഒരുമിച്ച് തീരുമാനിച്ച സ്ഥാനാർഥിയാണിതെന്നും കെസി വേണുഗോപാൽ പറഞ്ഞു.
മഹാരാഷ്ട്ര ഗവർണർ സിപി രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട് സ്വദേശിയാണ്. 17ന് ചേർന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിലാണ് തീരുമാനമെടുത്തത്. ഇന്ന് നടക്കുന്ന എൻഡിഎ യോഗം തീരുമാനത്തിന് അംഗീകാരം നൽകും.
സെപ്തംബർ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 21 വരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25. ഫലപ്രഖ്യാപനവും സെപ്തംബർ ഒമ്പതിന് നടക്കും. ജൂലൈ 21ന് ജഗ്ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2022 ഓഗസ്റ്റ് ആറിന് നടന്ന തിരഞ്ഞെടുപ്പിലാണ് 16ആംമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ തിരഞ്ഞെടുക്കപ്പെട്ടത്.
Most Read| ഇന്ത്യക്ക് വളവും അപൂർവ ഭൗമധാതുക്കളും നൽകാൻ തയ്യാർ; ചൈനീസ് വിദേശകാര്യ മന്ത്രി







































