ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ആൾ മുഖ്യമന്ത്രിയുടെ കരണത്തടിക്കുകയും മുടിപിടിച്ച് വലിച്ചിഴക്കാൻ ശ്രമിച്ചെന്നുമാണ് റിപ്പോർട്.
35 വയസുകാരനാണ് ആക്രമിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. രേഖ ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, പരിക്ക് ഗരുതരമല്ലെന്ന് ബിജെപി ഡെൽഹി അധ്യക്ഷൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലുള്ള ആളെ ചോദ്യം ചെയ്യുകയാണ്. എന്തിനാണ് മുഖ്യമന്ത്രിയെ അക്രമിച്ചതെന്നതിൽ വ്യക്തതയില്ല.
”രേഖ ഗുപ്ത സ്വന്തം വസതിയിൽ എല്ലാ ബുധനാഴ്ചകളിലും രാവിലെ ജനങ്ങളെ കണ്ട് പരാതികൾ സ്വീകരിക്കാറുണ്ട്. യോഗത്തിൽ പങ്കെടുത്ത ഒരാൾ മുഖ്യമന്ത്രിയെ ആക്രമിച്ചു. ഡോക്ടർമാർ മുഖ്യമന്ത്രിയെ പരിശോധിക്കുകയാണ്. ഈ ആക്രമണത്തെ പാർട്ടി അപലപിക്കുന്നു. അക്രമം രാഷ്ട്രീയ പ്രേരിതമായിരുന്നോ എന്ന് അന്വേഷിക്കണം”- മുതിർന്ന ബിജെപി നേതാവ് ഹരീഷ് ഖുറാന പറഞ്ഞു.
സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപണം ഉയർന്നിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രകോപനമില്ലാതെ മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികൾ സംഭവത്തെ അപലപിച്ചു. സംഭവം ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
Most Read| വിമാന സർവീസുകൾ ഉടൻ, വിസ സുഗമമാക്കും; ഇന്ത്യ-ചൈന സൗഹൃദം ശക്തമാകുന്നു







































