കാൽവഴുതി കിണറ്റിലേക്ക് വീണ രണ്ടര വയസുകാരിക്ക് അച്ഛന്റെ സമയോചിത ഇടപെടലിൽ പുനർജൻമം. കടുത്തുരുത്തി മാഞ്ഞൂർ തൂമ്പിൻപറമ്പിൽ സിറിളിന്റെ മകൾ ലെനറ്റ് ആണ് 40 അടി താഴ്‌ചയുള്ള കിണറ്റിൽ വീണത്. ചൊവ്വാഴ്‌ച വൈകീട്ട് 3.45ന് കടുത്തുരുത്തി ഇരവിമംഗലം പബ്ളിക് ലൈബ്രറിക്ക് സമീപമാണ് സംഭവം.
സിറിൾ ഖത്തറിൽ നഴ്‌സാണ്. ഒരാഴ്‌ച മുമ്പാണ് സിറിളും മകൾ ലെനറ്റും നാട്ടിലെത്തിയത്. താമസിക്കാൻ വീട് നോക്കാനാണ് സിറിളും കുടുംബവും തിരുവല്ല സ്വദേശി ജെറിന്റെ കക്കത്തുമലയിലുള്ള വീട്ടിൽ എത്തുന്നത്. വീട് നോക്കുന്നത് തോമസുകുട്ടി എന്നയാളാണ്. സിറിളിന് തോമസുകുട്ടി വീട് കാണിച്ചു കൊടുക്കുന്നതിനിടെ ലെനറ്റ് കളിച്ചുകൊണ്ടിരിക്കെ മുറ്റത്തെ കിണറ്റിലേക്ക് വീഴുകയായിരുന്നു.
സംഭവം കണ്ട സിറിൾ ഉടൻ കിണറ്റിലേക്ക് എടുത്തിച്ചാടി കുട്ടിയെ വെള്ളത്തിൽ നിന്ന് മുങ്ങി എടുത്തു. കിണറ്റിൽ 20 അടിയിലേറെ വെള്ളം ഉണ്ടായിരുന്നു. എന്നാൽ, തിരികെ കയറാൻ ഇവർക്കായില്ല. ഉടൻ തോമസുകുട്ടിയും വീടിന് സമീപം കെട്ടിട നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കൂത്താട്ടുകുളം സ്വദേശി വിഎം മാത്യുവും കിണറ്റിലിറങ്ങി ഇവരെ ചേർത്ത് നിർത്തി.
ഇതിനിടെ കുട്ടിയെ എടുത്തുനിന്നിരുന്ന സിറിൾ കുഴഞ്ഞു. ഉടൻ കുട്ടിയെ തോമസുകുട്ടി വാങ്ങി, സിറിളിനെ മോട്ടോർ പൈപ്പിൽ പിടിച്ചു നിർത്തി. തുടർന്ന് കടുത്തുരുത്തിയിൽ നിന്ന് എത്തിയ അഗ്‌നിരക്ഷാസേന ഏണിയും വലയും ഉപയോഗിച്ചാണ് ഇവരെ മുകളിൽ എത്തിച്ചത്. സിറിളിനെയും മകളെയും മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിതമൊന്നുമില്ലാതെ ഇരുവരും രക്ഷപ്പെട്ട ആശ്വാസത്തിലാണ് ബന്ധുക്കൾ.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ