ന്യൂഡെൽഹി: രാജ്യതലസ്ഥാനത്തെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന മുൻ ഉത്തരവ് മയപ്പെടുത്തി സുപ്രീം കോടതി. പേവിഷബാധ സ്ഥിരീകരിക്കുകയോ സംശയിക്കുകയോ അക്രമാസക്തി കാട്ടുന്നവയോ ആയ നായ്ക്കളെ മാത്രമേ ഷെൽട്ടറിലേക്ക് മാറ്റേണ്ടതുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
അല്ലാത്തവയെ പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും വന്ധ്യകരണത്തിന് വിധേയമാക്കുകയും ചെയ്ത ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തുറന്നുവിടണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻവി അഞ്ജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
തെരുവുനായ വിഷയം ഡെൽഹിക്ക് പുറത്തും പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, ദേശീയതലത്തിൽ ഇതിനായി നയം കൊണ്ടുവരണമെന്നും അഭിപ്രായപ്പെട്ടു. തെരുവുനായ വിഷയത്തിൽ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റുമെന്നും മൂന്നംഗ ബെഞ്ച് പറഞ്ഞു.
ഡെൽഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നായിരുന്നു ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ, മഹാദേവൻ എന്നിവരുടെ രണ്ടംഗ ബെഞ്ച് ഓഗസ്റ്റ് 11ന് വിധിച്ചത്.
നായ്ക്കൾക്ക് ഷെൽട്ടറുകൾ സജ്ജമാക്കാൻ മുനിസിപ്പാലിറ്റികളും മറ്റ് ഏജൻസികളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ഉത്തരവ് അനുസരിക്കുന്നതിൽ വീഴ്ചയുണ്ടായാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹരജികളിലാണ് ഇപ്പോൾ വിധി വന്നത്. നായ്ക്കളെയെല്ലാം പിടികൂടി കൂട്ടിലടക്കണമെന്ന ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ






































