ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‍ഫോടനം ഉണ്ടായതായി റിപ്പോർട്. ചമോലി ജില്ലയിലാണ് സംഭവം. നിരവധി പേരെ കാണാതായി. തരാലിയിലെ നിരവധി പ്രദേശങ്ങളിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്‌ടം ഉണ്ടായി. സ്‌ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
എൻഡിആർഎഫും എസ്‌ഡിആർഎഫും മേഖലയിൽ എത്തിച്ചേർന്നിട്ടുണ്ട്. വെള്ളിയാഴ്‌ച വൈകീട്ടോടെയാണ് മേഘവിസ്‍ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്. തരാലി മാർക്കറ്റ് ഏരിയയും സബ്-ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിയുമടക്കം നിരവധി കെട്ടിടങ്ങളും വാഹനങ്ങളും അവശിഷ്‌ടങ്ങൾ കൊണ്ട് മൂടിയ നിലയിലാണ്.
അപകട പശ്‌ചാത്തലത്തിൽ തരാലി- ഗ്വാൾഡം റോഡും തരാലി-സഗ്വാര റോഡും അടച്ചിട്ടിരിക്കുകയാണ്. നിരവധി പ്രദേശവാസികളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റിയതായി ചമോലി പോലീസ് അറിയിച്ചു. സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അറിയിച്ചു.
ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുകയാണ്. സംസ്‌ഥാനത്ത് ഇത്തവണ തുടർച്ചയായി മേഘവിസ്‍ഫോടനങ്ങളും മിന്നൽ പ്രളയങ്ങളും ഉരുൾപൊട്ടലും റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ ഈ മാസം അഞ്ചിനും മേഘവിസ്‍ഫോടനം ഉണ്ടായിട്ടുണ്ട്. അതേസമയം, 25 വരെ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് സംസ്‌ഥാനത്ത് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read| ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിരോധനം; ബില്ലിന് രാഷ്‍ട്രപതിയുടെ അംഗീകാരം






































