യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എൽബ്രസ് കീഴടക്കി മലയാളി യുവതി. പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ മുണ്ടകത്തിൽ സീന സാറാ മജ്‌നു ആണ് ഇന്ത്യയുടെ 79ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 79 മീറ്റർ നീളമുള്ള ദേശീയ പതാക ഈമാസം 17ന് എൽബ്രസ് കൊടുമുടിയിൽ നാട്ടിയത്.
മോശം കാലാവസ്‌ഥയും ശക്‌തമായ മഞ്ഞുവീഴ്‌ചയും വെല്ലുവിളിയായെങ്കിലും അതിനെയെല്ലാം തരണം ചെയ്‌ത് തികഞ്ഞ ആത്‌മവിശ്വാസത്തിലാണ് സീന എൽബ്രസ് കീഴടക്കിയത്. ഇതിന് മുൻപ് മൗണ്ട് കിളിമഞ്ചാരോ, എവറസ്‌റ്റ് ബേസ് ക്യാംപ്, അന്നപൂർണ ബേസ് ക്യാംപ് എന്നിവയും സീന കീഴടക്കിയിട്ടുണ്ട്.
യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയാണ് എൽബ്രസ്. സമുദ്രനിരപ്പിൽ നിന്ന് 5642 മീറ്റർ ഉയരത്തിൽ സ്‌ഥിതി ചെയ്യുന്ന എൽബ്രസ്, ജോർജിയൻ അതിർത്തിക്ക് സമീപം തെക്കൻ റഷ്യയിൽ കോക്കസസ് പർവത നിരകളുടെ ഭാഗമായാണ് വ്യാപിച്ചു കിടക്കുന്നത്. അത്യന്തം ദുർഘടമാണ് മലകയറ്റം.
മഞ്ഞുമക്കൾക്കിടയിൽ കാണാൻ കഴിയാത്ത ഒട്ടേറെ അഗാധ ഗർത്തങ്ങളുണ്ട്. പോരാത്തതിന് ശക്‌തിയേറിയ കാറ്റും മഞ്ഞുവീഴ്‌ചയും. കാലൂന്നിയാൽ നിലതെറ്റി താഴേക്ക് പതിക്കുമെന്നതിൽ സംശയമില്ല. തിരിച്ചിറങ്ങുമ്പോൾ മഞ്ഞുപാളിയിൽ തെന്നി തലയിടിച്ച് വീണെങ്കിലും ഗൈഡ് സഹായവുമായി എത്തിയതോടെ രക്ഷപ്പെട്ടെന്ന് സീന പറയുന്നു.
”കഴിഞ്ഞ മാസങ്ങളിൽ അതികഠിനമായ വ്യായാമം ചെയ്‌തും ശരീരഭാരം കുറച്ചുമാണ് ഈ ദൗത്യത്തിന് തയ്യാറായത്. വളരെ എക്‌സ്‌പീരിയൻസ് ആയിട്ടുള്ള ആളാണ് എന്നെ ട്രെയിൻ ചെയ്യിച്ചത്. മൂന്നുമാസമായി അദ്ദേഹമാണ് എനിക്ക് വേണ്ട പരിശീലനങ്ങൾ തന്നത്. അദ്ദേഹത്തോട് ഹൃദയം നിറഞ്ഞ നന്ദി. കൂടാതെ, എന്നെ എപ്പോഴും കട്ടക്ക് പിന്തുണയ്‌ക്കുന്ന പ്രിയ കൂട്ടുകാർക്ക് ഹൃദയം നിറഞ്ഞ നന്ദി”- സീന പറഞ്ഞു.
Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക് സമ്മാനമായി മകന്റെ ഉന്നതവിജയം





































