തൃപ്പൂണിത്തുറ: മകനെയും വളർത്ത് നായ്‌ക്കളെയും പൂട്ടിയിട്ട് യുവാവ് നാടുവിട്ടു. വിദേശത്ത് ജോലി ചെയ്യുന്ന നാലാം ക്ളാസുകാരന്റെ അമ്മയുടെ ഇടപെടലിൽ പോലീസെത്തി വീട് തുറന്ന് മകനെ മാതാപിതാക്കളുടെ പക്കലേൽപ്പിച്ചു. മൂന്നുദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ നായ്‌ക്കളെ സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവെൽറ്റി ടു അനിമൽസ് (എസ്‌പിസിഎ) പ്രവർത്തകരും ഏറ്റെടുത്തു.
മൂന്നുമാസം മുമ്പാണ് സുധീഷ് എസ് കുമാർ എന്നയാൾ എരൂർ അയ്യംപ്പിള്ളിച്ചിറ റോഡിൽ നാലാം ക്ളാസുകാരനായ മകനുമായി വീട് വാടകയ്‌ക്ക് എടുത്തത്. മുന്തിയ ഇനം 26 നായ്‌ക്കളെയും വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. നായ്‌ക്കളുടെ ശല്യത്തെ കുറിച്ച് സമീപവാസികളുടെ പരാതിയിൽ നഗരസഭ നോട്ടീസ് നൽകിയിരുന്നു.
പിന്നാലെയായിരുന്നു കഴിഞ്ഞ ഞായറാഴ്‌ച യുവാവ് നാടുവിട്ടത്. രാത്രിയായിട്ടും അച്‌ഛനെ കാണാതായതോടെ പരിഭ്രാന്തനായ മകൻ ജർമനിയിൽ ജോലി ചെയ്യുന്ന അമ്മയെ വിളിച്ചു. തുടർന്ന് അമ്മ 112ൽ വിളിച്ചു സഹായം അഭ്യർഥിക്കുകയായിരുന്നു. പോലീസ് ഉടൻ വീട്ടിലെത്തി കുട്ടിയെ രക്ഷപ്പെടുത്തി യുവതിയുടെ മാതാപിതാക്കളെ ഏൽപ്പിച്ചു.
വിശന്ന് വലഞ്ഞ നായ്‌ക്കളുടെ കരച്ചിൽ കേട്ട് അയൽവാസികൾ കൗൺസിലർ പിബി സതീശനെ അറിയിച്ചു. അദ്ദേഹമാണ് എസ്‌പിസിഎ പ്രവർത്തകരെ വിവരം അറിയിച്ചത്. 30,000 രൂപമുതൽ 50,000 രൂപവരെയാണ് നായ്‌ക്കളുടെ വില. അതേസമയം, നായ്‌ക്കളെ ഉപേക്ഷിച്ചുപോയ യുവാവിനെതിരെ പരാതി നൽകുമെന്ന് എസ്‌പിസിഎ ജില്ലാ സെക്രട്ടറി ടികെ സജീവ് പറഞ്ഞു. യുവാവിനെ കുറിച്ച് ഒരുവിവരവുമില്ല.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി