തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കെ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഒരു ശുഭവാർത്ത. അമീബിക് മസ്‌തിഷ്‌ക ജ്വരവും ആസ്‌പർജില്ലസ് ഫ്ളാവസ് ഫംഗസ് മസ്‌തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്‌ഥയിൽ ആയിരുന്ന 17 വയസുകാരൻ ജീവിതത്തിലേക്ക് തിരിച്ചെത്തി.
ലോകത്ത് തന്നെ വളരെ അപൂർവമായി റിപ്പോർട് ചെയ്യപ്പെട്ട ഈ രണ്ട് മസ്‌തിഷ്‌ക അണുബാധയും ഒരുമിച്ച് ബാധിച്ച ഒരാൾ രക്ഷപ്പെടുന്നത് ഇതാദ്യമായാണ്. ഗുരുതരമായ അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് ബാധിച്ച് മൂന്ന് മാസത്തോളം ചികിൽസയിൽ ആയിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാർഥിയെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പൂർണ ആരോഗ്യത്തോടെ ഡിസ്‌ചാർജ് ചെയ്‌തത്.
തുടർപരിശോധനയ്‌ക്ക് എത്തിയപ്പോഴും പൂർണ ആരോഗ്യവാനായിരുന്നു. മികച്ച ചികിൽസയും പരിചരണവും ഒരുക്കി കുട്ടിയെ രക്ഷിച്ചെടുത്ത മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനെയും രോഗം കൃത്യസമയത്ത് കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കൽ കോളേജിലെ ടീമിനെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
മൂന്ന് മാസങ്ങൾക്ക് മുൻപ് കുളത്തിൽ മുങ്ങിക്കുളിച്ച് ഒരാഴ്‌ച കഴിഞ്ഞപ്പോൾ കുട്ടിക്ക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചു. ഇതേത്തുടർന്ന് കുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും ഇടതുവശം തളരുകയും ചെയ്‌തു. ഇതോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയത്.
ഉടൻ തന്നെ സംസ്‌ഥാന പ്രോട്ടോകോൾ പ്രകാരമുള്ള ചികിൽസ ആരംഭിച്ചതോടെ തളർച്ചയ്‌ക്കും ബോധക്ഷയത്തിനും മാറ്റമുണ്ടായി. എങ്കിലും, കാഴ്‌ച മങ്ങുകയും തലച്ചോറിനകത്ത് സമ്മർദ്ദം കൂടുകയും പഴുപ്പ് കെട്ടുകയും ചെയ്‌തതിനെ തുടർന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വിദഗ്‌ധ പരിശോധനയ്‌ക്ക് വിധേയനാക്കി. അടിയന്തിര ശസ്‌ത്രക്രിയ നടത്തി തലച്ചോറിലെ പഴുപ്പ് നീക്കം ചെയ്‌തു. ഈ പഴുപ്പിലാണ് ആസ്‌പർജില്ലസ് ഫ്ളാവസ് ഫംഗസിന്റെ സാന്നിധ്യം കൂടി കണ്ടെത്തിയത്. ഒന്നരമാസത്തോളം നീണ്ട ഈ തീവ്ര ചികിൽസയിൽ നിന്ന് ഇപ്പോൾ രോഗം പൂർണമായി ഭേദമായി. ഇത് ഏറെ സങ്കീർണമായ ഒരു അവസ്‌ഥ ആയിരുന്നുവെന്നാണ് ചികിൽസിച്ച ഡോക്‌ടർമാർ പറയുന്നത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ







































