കാഠ്‌മണ്ഡു: അഴിമതിവിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്ന നേപ്പാൾ ഭരണ പ്രതിസന്ധിയിലേക്ക്. പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവെച്ച് മണിക്കൂറുകൾക്കകം പ്രസിഡണ്ട് രാംചന്ദ്ര പൗഡേലും സ്‌ഥാനമൊഴിഞ്ഞു. രാജ്യത്തിന്റെ ഭരണനിയന്ത്രണം സൈന്യം ഏറ്റെടുത്തേക്കുമെന്നാണ് അഭ്യൂഹങ്ങൾ. സാമൂഹിക മാദ്ധ്യമ നിരോധനത്തിന് പിന്നാലെയാണ് നേപ്പാളിൽ യുവാക്കൾ സർക്കാരിനെതിരെ തെരുവിലിറങ്ങിയത്.
ജെൻ സികളെന്ന് അവകാശപ്പെടുന്ന പ്രക്ഷോഭകർ കർഫ്യൂ ലംഘിച്ച് സുരക്ഷാ സേനയുമായി ഏറ്റുമുട്ടുന്നത് തുടരുകയാണ്. തലസ്‌ഥാനമായ കാഠ്‌മണ്ഡു അടക്കമുള്ള നഗരങ്ങളിൽ ജനജീവിതം സ്‌തംഭിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെയും പ്രസിഡണ്ട് രാംചന്ദ്ര പൗഡേലിന്റെയും സ്വകാര്യ വസതികളടക്കം പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കിയിരുന്നു.
ത്രിഭുവൻ അടക്കമുള്ള വിമാനത്താവളങ്ങൾ അടച്ചു. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ പൂർണമായും നിർത്തി. രാജിവെച്ച പ്രധാനമന്ത്രി കെപി ശർമ ഒലിയെ സൈന്യം സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റിയതായാണ് വിവരം. ഇദ്ദേഹം രാജ്യം വിടുമെന്നാണ് സൂചന. അതേസമയം, കാഠ്‌മണ്ഡുവിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായാണ് സൂചന. ഇവിടെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രക്ഷോഭകർ സുപ്രീം കോടതി കെട്ടിടത്തിനും തീയിട്ടതായാണ് വിവരം. മുൻ പ്രധാനമന്ത്രി ജലനാഥ് ബനാലിന്റെ വീടും പ്രക്ഷോഭകാരികൾ തീയിട്ടു. വീട്ടിനുള്ളിൽ ഉണ്ടായിരുന്ന ജലനാഥ് ബനാലിന്റെ ഭാര്യ റാബി ലക്ഷ്‌മി ചിത്രകാർ വെന്തുമരിച്ചു. പാർലമെന്റ് മന്ദിരത്തിനും ചില മന്ത്രിമാരുടെയും നിരവധി നേതാക്കളുടെയും വീടുകളും പ്രതിഷേധക്കാർ തീയിട്ടു.
സാമൂഹിക മാദ്ധ്യമ നിരോധനത്തിനും രാഷ്‌ട്രീയ നേതാക്കളുടെ അഴിമതിക്കുമെതിരെ യുവാക്കളുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യമെമ്പാടും വ്യാപിക്കുകയാണ്. ഇന്നലെ പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിന് നേരെ പോലീസ് നടത്തിയ വെടിവയ്‌പ്പിൽ 19 പേർ കൊല്ലപ്പെട്ടു. 300ലധികം പേർക്ക് പരിക്കേറ്റു. സംഘർഷങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേഷ് ലേഖക് രാജിവച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയും രാജിവെച്ചത്. പ്രക്ഷോഭകാരികൾക്ക് ഒപ്പം സൈന്യവും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം, സ്‌ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും നേപ്പാളിലുള്ള ഇന്ത്യക്കാർ ജാഗ്രതയോടെ ഇരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രക്ഷോഭത്തിലെ യുവാക്കളുടെ മരണത്തിൽ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.
Most Read| മലപ്പുറത്ത് വീട്ടിലെ പ്രസവം കുറയുന്നു; ആരോഗ്യവകുപ്പിന്റെ ക്യാംപയിന് ഫലം