ന്യൂഡെൽഹി: രാജ്യത്തിന്റെ 15ആംമത് ഉപരാഷ്‌ട്രപതിയായി എൻഡിഎ സ്‌ഥാനാർഥി സിപി രാധാകൃഷ്‌ണനെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്‌ട്ര ഗവർണർ കൂടിയാണ്. 452 വോട്ടുകളാണ് സിപി രാധാകൃഷ്‌ണന് ലഭിച്ചത്. ഇന്ത്യ മുന്നണിക്ക് വേണ്ടി മൽസരിച്ച സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്‌റ്റിസ് ബി. സുദർശൻ റെഡ്‌ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്.
തമിഴ്‌നാട്ടിൽ നിന്നുള്ള മൂന്നാമത്തെ ഉപരാഷ്‌ട്രപതിയാണ് രാധാകൃഷ്‌ണൻ. ആദ്യ ഉപരാഷ്‌ട്രപതി ഡോ. എസ്. രാധാകൃഷ്‌ണനും ആർ. വെങ്കിട്ടരാമനും തമിഴ്‌നാട്ടിൽ നിന്നായിരുന്നു. ജഗ്‌ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിയാണ് പുതിയ ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. 1957 ഒക്‌ടോബർ 20ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് രാധാകൃഷ്‌ണൻ ജനിച്ചത്.
16ആം വയസുമുതൽ ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ് രാധാകൃഷ്‌ണൻ. 1992ൽ തമിഴ്‌നാട് ബിജെപി ജനറൽ സെക്രട്ടറിയായി. 2004 മുതൽ 2007 വരെ സംസ്‌ഥാന അധ്യക്ഷനായി. 1998ലും 1999ലും കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭാ അംഗമായ രാധാകൃഷ്‌ണൻ, പിന്നീട് മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെട്ടു.
മഹാരാഷ്‌ട്രയിൽ ഗവർണറാകുന്നതിന് മുൻപ് ജാർഖണ്ഡിൽ ഗവർണറായിരുന്നു. തെലങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്. ഗവർണറുടെയും അധികച്ചുമതല വഹിച്ചിട്ടുണ്ട്. 2020 മുതൽ 22 വരെ കേരളത്തിലെ ബിജെപിയുടെ ചുമതല വഹിച്ചിരുന്നു. കണക്കുകൾ പ്രകാരം, തുടക്കത്തിൽ തന്നെ 427 എംപിമാരുടെ പിന്തുണയോടെ രാധാകൃഷ്‌ണന് വ്യക്‌തമായ മുൻതൂക്കം ഉണ്ടായിരുന്നു.
Most Read| മലപ്പുറത്ത് വീട്ടിലെ പ്രസവം കുറയുന്നു; ആരോഗ്യവകുപ്പിന്റെ ക്യാംപയിന് ഫലം