തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഈ മാസം 20ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് പരിപാടിയെന്നും ഇതിന് ദേവസ്വം ബോർഡിനെ മറയാക്കുന്നതായും ഹരജിയിൽ ആരോപിക്കുന്നു.
ഡോ. പിഎസ് മഹേന്ദ്രകുമാറാണ് ഹരജി നൽകിയത്. സംഗമം തടഞ്ഞില്ലെങ്കിൽ മതസംഗമങ്ങളെന്ന പേരിൽ സർക്കാർ രാഷ്‌ട്രീയ പരിപാടികൾ നടത്തുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. പമ്പാ നദിയുടെ തീരം പരിസ്‌ഥിതി ലോല മേഖലയാണെന്നും അവിടെ സംഗമം നടത്തുന്നത് കോടതി വിധികളുടെ ലംഘനമാകുമെന്നും ഹരജിയിൽ പറയുന്നു.
ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. അയ്യപ്പ സംഗമം രാഷ്‌ട്രീയ പരിപാടിയാണെന്നും പൊതുഖജനാവിൽ നിന്ന് ഫണ്ട് ചിലവഴിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹരജികൾ പരിഗണിച്ചുകൊണ്ടാണ് ജസ്‌റ്റിസുമാരായ രാജ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുടെ ബെഞ്ച് അനുമതി നൽകിയത്.
ആഗോള അയ്യപ്പ സംഗമം നടത്തുമ്പോൾ ശബരിമലയുടെ പവിത്രതയെ ബാധിക്കാൻ പാടില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. എല്ലാ വിശ്വാസികളെയും ഒരേപോലെ പരിഗണിക്കണമെന്നും വിഐപികൾക്കുള്ള സുരക്ഷാ ഏർപ്പാടുകൾ സാധാരണക്കാരായ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ആർക്കും പ്രത്യേക പ്രിവിലേജുകൾ പാടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വരവ്-ചിലവ് കണക്കുകൾ സുതാര്യമായിരിക്കണം. സംഗമം കഴിഞ്ഞ് 45 ദിവസത്തിനുള്ളിൽ കണക്കുകൾ ശബരിമല സ്‌പെഷ്യൽ കമ്മീഷണർക്ക് കൈമാറി കോടതിയെ അറിയിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഈ മാസം 20ന് പമ്പയിലാണ് അയ്യപ്പ സംഗമം നടക്കുന്നത്.
Most Read| മലപ്പുറത്ത് വീട്ടിലെ പ്രസവം കുറയുന്നു; ആരോഗ്യവകുപ്പിന്റെ ക്യാംപയിന് ഫലം