ച്യൂയിങ് ഗം തൊണ്ടയിൽ കുടുങ്ങി ശ്വാസംകിട്ടാതെ പിടഞ്ഞ പെൺകുട്ടിക്ക് രക്ഷകരായി ഒരുകൂട്ടം ചെറുപ്പക്കാർ. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. കടയിൽ സാധനം വാങ്ങാനെത്തിയ യുവാക്കളുടെ സമയോചിതമായ ഇടപെടലും പ്രഥമശുശ്രൂഷയുമാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
യുവാക്കൾ പഴയങ്ങാടിയിൽ ഒരു കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് സൈക്കിളിൽ എത്തിയ ഒരു പെൺകുട്ടി തൊണ്ടയിൽ എന്തോ കുടുങ്ങിയതായി ആംഗ്യം കാണിച്ച് സഹായം അഭ്യർഥിച്ചത്. ആ സമയത്ത് കുട്ടിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ലെന്നും കണ്ണൊക്കെ വല്ലാതെ ആയതായും യുവാക്കളിലൊരാൾ പറഞ്ഞു.
ഇവരിൽ ഒരാൾ പെൺകുട്ടിയുടെ വയറിൽ അമർത്തി പുറത്തേക്ക് തള്ളാൻ ശ്രമിച്ചു. രണ്ടാമത്തെ തവണ വയറിൽ അമർത്തിയപ്പോഴാണ് തൊണ്ടയിൽ കുടുങ്ങിയ ച്യൂയിങ് ഗം പുറത്തേക്ക് തെറിച്ചുവീണത്. അതോടെ കുട്ടിക്ക് ശ്വാസം വീഴുകയും അപകടനില തരണം ചെയ്യുകയും ചെയ്‌തു. വലിയൊരു അപകടത്തിൽ നിന്ന് ഒഴിവായത് കുട്ടിയുടെ മനോധൈര്യമാണെന്ന് യുവാക്കൾ പറയുന്നു.
പേടിച്ച് വീട്ടിലേക്ക് ഓടാതെ, ധൈര്യം സംഭരിച്ച് സഹായത്തിനായി തങ്ങളുടെ അടുത്തേക്ക് വന്നതുകൊണ്ട് മാത്രമാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് അവർ പറയുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ യുവാക്കളിലൊരാൾക്ക് ആത്‌മവിശ്വാസം പകർന്നത് യൂട്യൂബിൽ കണ്ട പ്രഥമശുശ്രൂഷ വീഡിയോകളാണ്.
Most Read| ‘കോൺഗ്രസ് വോട്ടുകൾ നീക്കി; വോട്ടുകൊള്ളയ്‌ക്ക് സഹായി തിരഞ്ഞെടുപ്പ് കമ്മീഷണർ’