വാഷിങ്ടൻ: എച്ച്1 ബി വിസ ഫീസ് ഉയർത്തിയതിൽ കൂടുതൽ വ്യക്‌തത വരുത്തി വൈറ്റ് ഹൗസ്. ഇത് വാർഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ ഫീസാണെന്നും വൈറ്റ് ഹൗസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. പുതിയ അപേക്ഷകർക്കാണ് ഇത് ബാധകമാവുക. നിലവിലെ വിസ പുതുക്കുമ്പോൾ വർധനയുണ്ടാകില്ല.
ഒരുലക്ഷം ഡോളർ വാർഷിക ഫീസ് അല്ലെന്നും ഒറ്റത്തവണ ഫീസ് ആണെന്നും അധികൃതർ വിശദീകരിച്ചു. പുതുക്കുമ്പോൾ ഒരുലക്ഷം നൽകേണ്ട. നിലവിൽ രാജ്യത്തിന് പുറത്തുള്ള, എച്ച്1 ബി വിസ കൈവശമുള്ളവർക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ 100,000 ഡോളർ നൽകേണ്ടതില്ല.
ട്രംപ് ഭരണകൂടം എച്ച്1 ബി വിസയുടെ ഫീ ഒരുവർഷം ഒരു ലക്ഷം ഡോളറാക്കി (ഏകദേശം 88 ലക്ഷം രൂപ) വർധിപ്പിച്ചിരുന്നു. നിലവിൽ രണ്ടര മുതൽ അഞ്ചുലക്ഷം രൂപയായിരുന്ന ഫീയാണ് കുത്തനെ ഉയർത്തിയത്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് ഇന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. യുഎസിൽ നിലവിലുള്ള എച്ച്1 ബി വിസക്കാരിൽ 71% ഇന്ത്യക്കാരാണ്.
കേരളത്തിൽ നിന്നുൾപ്പടെ ഉള്ളവർക്ക് ഏറെ തിരിച്ചടിയാണ് പുതിയ തീരുമാനം. യുഎസിൽ ഉയർന്ന വൈദഗ്‌ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി ചെയ്യാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത് എച്ച്1 ബി വിസയാണ്. കുടിയേറ്റം തടയുന്നതിനാണ് ഫീ കൂട്ടുന്നതെന്ന് ഉത്തരവിൽ ഒപ്പിട്ട് ട്രംപ് പറഞ്ഞു. കമ്പനികളാണ് ഫീ നൽകേണ്ടത്.
എച്ച്1 ബി, എച്ച്4 വിസയുള്ളവർ അടുത്ത 14 ദിവസത്തേക്ക് യുഎസിൽ തുടരണമെന്നും നിലവിൽ യുഎസിന് പുറത്തുള്ള ജീവനക്കാർ ഇന്ന് തിരികെ എത്തണമെന്നും മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ കമ്പനികൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് ഉദ്യോഗസ്‌ഥർ വിശദീകരണവുമായി രംഗത്തെത്തിയത്.
Most Read| മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം