ന്യൂഡെൽഹി: യുഎസിന് കർശന മുന്നറിയിപ്പുമായി ഇന്ത്യ. റഷ്യൻ എണ്ണ വാങ്ങുന്നത് കുറയ്‌ക്കണമെങ്കിൽ യുഎസ് ഉപരോധിച്ചിട്ടുള്ള ഇറാനിൽ നിന്നും വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങേണ്ടി വരുമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.
പ്രധാന എണ്ണ ഉൽപ്പാദകരായ റഷ്യ, ഇറാൻ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി ഒരേസമയം നടക്കാതെ വന്നാൽ എണ്ണവില കുതിച്ചുയരുമെന്ന ആശങ്കയും കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ യുഎസിൽ വ്യാപാര ചർച്ചയ്‌ക്കെത്തിയ സംഘം പങ്കുവെച്ചു. എന്നാൽ, കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
2019ൽ ഇന്ത്യ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയിരുന്നു. റഷ്യൻ എണ്ണയുടെ പേരിലാണ് ഇന്ത്യക്കെതിരെയുള്ള തീരുവ യുഎസ് ഇരട്ടിയാക്കിയത്. ഇക്കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്‌താലേ വ്യാപാര ചർച്ച ഫലവത്താകൂ എന്നാണ് യുഎസിന്റെ നിലപാട്. അമേരിക്കൻ എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതി കൂട്ടാൻ ഇന്ത്യ ആഗ്രഹിക്കുന്നെന്ന് കഴിഞ്ഞദിവസം പിയൂഷ് ഗോയൽ പറഞ്ഞിരുന്നു.
Most Read| മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം