ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‍കരിച്ച് അമ്പതിലധികം രാജ്യങ്ങളിലെ പ്രതിനിധികൾ അസംബ്ളി ഹാളിൽ നിന്ന് ഇറങ്ങിപ്പോയി. മറ്റു ചിലർ കൈയ്യടികളോടെ സ്വീകരിക്കുകയും ചെയ്‌തു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ ന്യായീകരിച്ചായിരുന്നു പൊതുസഭയിൽ നെതന്യാഹുവിന്റെ പ്രസംഗം.
ഹമാസിന്റെ ഭീഷണി പൂർണമായും ഇല്ലാതാകും വരെ ആക്രമണം തുടരുമെന്നും ഹമാസ് ആയുധം താഴെവെച്ച് ഇസ്രയേൽ ബന്ദികളെ വിട്ടയക്കണമെന്നും നെതന്യാഹു പറഞ്ഞു. ”നിങ്ങളുടെ ആയുധങ്ങൾ താഴെ വയ്‌ക്കണം. എന്റെ ജനങ്ങളെ വിട്ടയക്കണം. ബന്ദികളെ സ്വതന്ത്രരാക്കണം. അങ്ങനെ ചെയ്‌താൽ നിങ്ങൾക്കും ജീവിക്കാം, അല്ലെങ്കിൽ ഇസ്രയേൽ നിങ്ങളെ ഇല്ലാതാക്കും”- നെതന്യാഹു പറഞ്ഞു.
പലസ്‌തീനെ രാഷ്‌ട്രമായി അംഗീകരിക്കുക എന്നത് ഭ്രാന്താണ്. അത് ഞങ്ങൾ ചെയ്യില്ല. ഇസ്രയേലിനത് ആത്‍മഹത്യയ്‌ക്ക് തുല്യമാണെന്നും നെതന്യാഹു പറഞ്ഞു. ഏതാനും പ്ളക്കാർഡുകളും പ്രസംഗത്തിനിടെ നെതന്യാഹു ഉയർത്തിക്കാട്ടി. ഇസ്രയേലും അമേരിക്കയും പൊതുവായ ഭീഷണിയെ നേരിടുകയാണെന്ന് മറ്റാരേക്കാളും നന്നായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് അറിയാമെന്നും നെതന്യാഹു പറഞ്ഞു.
ഒക്‌ടോബർ ഏഴിന് ഹമാസിന്റെ ആക്രമണം നടന്നപ്പോൾ ഒട്ടേറെ നേതാക്കൾ ഇസ്രയേലിന് പിന്തുണയറിയിച്ചു. എന്നാൽ, ഇതിപ്പോൾ ആ പിന്തുണയെല്ലാം ആവിയായിപ്പോയെന്നും നെതന്യാഹു പറഞ്ഞു. ഇറാനെതിരെയുള്ള ഉപരോധങ്ങൾ തുടരേണ്ടത് അത്യാവശ്യമാണ്. ഇറാൻ ഇസ്രയേലിനും അമേരിക്കയ്‌ക്കും ഭീഷണിയാണ്. ഇറാന്റെ നേതൃത്വത്തിലുള്ള ഭീകരതയുടെ അച്ചുതണ്ട് ലോകത്തിനാകെയും മേഖലയുടെ സ്‌ഥിരതയ്‌ക്കും ഭീഷണിയാണെന്നും നെതന്യാഹു പറഞ്ഞു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം