ബാലരാമപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്‌റ്റിൽ. ബാലരാമപുരം മിഡാനൂർക്കോണം നെല്ലിവിള സ്വദേശി ശ്രീതുവാണ് പാലക്കാടുനിന്ന് അറസ്‌റ്റിലായത്.
ശ്രീതുവിന്റെ മകൾ ദേവേന്ദുവിനെയാണ് വാടകയ്‌ക്ക് താമസിക്കുന്ന കൊട്ടുകാൽകോണം വാറുവിള വീട്ടിലെ കിണറ്റിൽ ജനുവരി 30ന് മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനെ (24) ബാലരാമപുരം പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളെ നുണ പരിശോധന നടത്തിയപ്പോഴാണ് ശ്രീതുവിന്റെ പങ്ക് വ്യക്‌തമായത്.
ശ്രീതു നുണ പരിശോധനയ്‌ക്ക് വിസമ്മതിച്ചിരുന്നു. ശ്രീതുവിന്റെ ഭർത്താവ് ശ്രീജിത്തല്ല ദേവേന്ദുവിന്റെ അച്ഛനെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്‌തമായി. ഭർത്താവ് ശ്രീജിത്തുമായി അകൽച്ചയിലായിരുന്ന ശ്രീതുവും മക്കളും, മാതാപിതാക്കൾക്കും സഹോദരനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. ഹരികുമാറിന് ശ്രീതുവിന്റെ കുഞ്ഞുങ്ങളെ ഇഷ്‌ടമില്ലായിരുന്നുവെന്ന് പോലീസ് പറയുന്നു.
ദേവേന്ദുവിനെയും മൂത്ത സഹോദരിയെയും പലവട്ടം ഹരികുമാർ ഉപദ്രവിച്ചിട്ടുണ്ട്. ശ്രീതുവിന്റെ അച്ഛൻ ഉദയകുമാറിന്റെ മരണ അടിയന്തിരത്തിൽ പങ്കെടുക്കാൻ ശ്രീജിത്ത് വീട്ടിലെത്തിയ ദിവസമാണ് കൊലപാതകം നടന്നത്. രാവിലെ അഞ്ചുമണിയോടെ ശ്രീതു ശുചിമുറിയിൽ പോയ സമയത്താണ് അവരുടെ മുറിയിൽ കിടന്ന ദേവേന്ദുവിനെ എടുത്ത് കിണറ്റിലിട്ടതെന്ന് ഹരികുമാർ പോലീസിന് മൊഴി നൽകി.
ശ്രീതുവും ഹരികുമാറും തമ്മിൽ നടത്തിയ ഫോൺ ചട്ടുകളിൽ നിർണായകമായ ചില വിവരങ്ങൾ ലഭിച്ചത്. ശ്രീതുവിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് അറസ്‌റ്റിലാകുമ്പോൾ തന്നെ ഹരികുമാർ പോലീസിനോട് പറഞ്ഞിരുന്നു. തുടർന്നാണ് നുണ പരിശോധന നടത്താൻ തീരുമാനിച്ചത്. ഇരുവരുടെയും മൊബൈൽ ഫോൺ രേഖകളും നിർണായകമായി.
Most Read| വായ്‌പയെടുത്ത് മുങ്ങി; കോടികൾ തട്ടിയ മലയാളികളെ തേടി കുവൈത്ത് ബാങ്ക്








































