ചെന്നൈ: വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ വൻ ദുരന്തത്തിൽ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. നടന്നത് വലിയ ദുഃഖകരമായ സംഭവമാണെന്ന് പറഞ്ഞ സ്‌റ്റാലിൻ സ്‌ഥിതിഗതികൾ മനസിലാക്കാൻ മന്ത്രിമാരുടെ സംഘത്തെ കരൂരിലേക്ക് അയച്ചു.
ഞായറാഴ്‌ച പുലർച്ചെ സ്‌റ്റാലിൻ സംഭവ സ്‌ഥലത്ത് എത്തിച്ചേരും. സെന്തിൽ ബാലാജി, എംഎ സുബ്രഹ്‌മണ്യൻ തുടങ്ങിയ മന്ത്രിമാർ കരൂരിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. റാലിയിൽ പങ്കെടുത്തവരുടെ എണ്ണം നിയന്ത്രണാതീതമായതും തെരുവുകളിൽ നിന്നുതിരിയാൻ പോലും സ്‌ഥലം ഇല്ലാതിരുന്നതും അപകടത്തിലേക്ക് നയിച്ചതായാണ് പ്രാഥമികമായ വിലയിരുത്തൽ.
ഗുരുതരമായ സുരക്ഷാ പാളിച്ചയാണ് റാലിയിൽ ഉണ്ടായതെന്നാണ് റിപ്പോർട്. ആറ് കുട്ടികളടക്കം 34 പേരുടെ മരണം സ്‌ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളിൽ നിന്നുള്ള വിവരം. 12 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് അറിയുന്നത്. കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് ദുരന്തമുണ്ടായത്.
പരിപാടിയിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ പാർട്ടി പ്രവർത്തകരും കുട്ടികളും കുഴഞ്ഞു വീണവരിൽ ഉൾപ്പെടുന്നു. ജനബാഹുല്യം മൂലം ആംബുലൻസുകൾക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്ന സാഹചര്യമുണ്ടായി.
Most Read| കേരളത്തിൽ ശരിയായ സമയത്ത് ശരിയായ സ്‌ഥലത്ത് എയിംസ് വരും; ജെപി നദ്ദ





































