ചെന്നൈ: വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിൽപെട്ട് മരിച്ചവരുടെ എണ്ണം 39 ആയി. ഇതിൽ ഒമ്പത് കുട്ടികളും 16 സ്‌ത്രീകളും ഉൾപ്പെടുന്നു. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യൻ അറിയിച്ചു.
പരിക്കേറ്റവരിൽ ഒമ്പത് പോലീസുകാരുമുണ്ട്. ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളേജ് ആശുപത്രിയിലും കരൂർ സർക്കാർ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
”95 പേർ ആശുപത്രിയിൽ ചികിൽസയിലാണ്. 51 പേർ സർക്കാർ ആശുപത്രിയിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രിയിലും. ഒരാളുടെ സ്‌ഥിതി ഗുരുതരമാണ്. മറ്റുള്ളവർക്ക് പ്രശ്‌നങ്ങളില്ല”- തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി പി. ശെന്തിൽ കുമാർ പറഞ്ഞു.
മദ്രാസ് ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവർക്ക് പത്തുലക്ഷവും പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപയും സഹായം നൽകും. അതേസമയം, വിജയ്‌ക്കെതിരെ കേസെടുത്തേക്കും. സമ്മേളനം നടത്താൻ അനുമതി തേടി കത്ത് നൽകിയ ടിവികെ ജില്ലാ പ്രസിഡണ്ട് മതിയഴകനെതിരെ കേസെടുത്തിട്ടുണ്ട്.
പതിനായിരം പേർ പങ്കെടുക്കുന്ന പരിപാടിക്കാണ് അനുമതി ചോദിച്ചിരുന്നെങ്കിലും ഒന്നരലക്ഷത്തോളം പേരാണ് എത്തിയതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ സ്‌ഥലം സന്ദർശിച്ചു. അപകടത്തിന്റെ കാരണങ്ങൾ ജുഡീഷ്യൽ അന്വേഷണത്തിലൂടെ വ്യക്‌തമാകുമെന്ന് സ്‌റ്റാലിൻ പറഞ്ഞു.
പരിക്കേറ്റവരെ മുഖ്യമന്ത്രി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശിച്ചു. പരിക്കേറ്റവരുടെ കുടുംബത്തെ അദ്ദേഹം ആശ്വസിപ്പിച്ചു. റാലിക്ക് സ്‌ഥലം അനുവദിച്ചതിൽ വീഴ്‌ചയുണ്ടായിട്ടില്ലെന്നും വിജയ് വൈകിയെത്തിയതാണ് തിക്കിനും തിരക്കിനും കാരണമായതെന്നും തമിഴ്‌നാട് ഡിജിപി പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Most Read| കേരളത്തിൽ ശരിയായ സമയത്ത് ശരിയായ സ്‌ഥലത്ത് എയിംസ് വരും; ജെപി നദ്ദ