ടെൽ അവീവ്: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്‌ച നടത്താനിരിക്കെ, ഗാസയിലെ വെടിനിർത്തൽ പദ്ധതിക്കായി വൈറ്റ് ഹൗസുമായി ചർച്ചകൾ തുടരുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പദ്ധതിയുടെ അന്തിമരൂപം ആയിട്ടില്ലെന്നും നെതന്യാഹു വ്യക്‌തമാക്കി.
വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾ യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഘർഷം അവസാനിപ്പിക്കാനുള്ള പുതിയ നിർദ്ദേശങ്ങൾ ട്രംപ് ചർച്ചയിൽ പങ്കുവയ്‌ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ഉടൻ വെടിനിർത്തൽ, ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും 48 മണിക്കൂറിനുള്ളിൽ വിട്ടയക്കൽ, ഗാസയിൽ നിന്ന് ഇസ്രയേൽ സേനയുടെ ഘട്ടംഘട്ടമായുള്ള പിൻമാറ്റം എന്നിവ സംബന്ധിച്ചുള്ള ചർച്ചകൾ നടക്കും. ഗാസയിലെ ആക്രമണം അവസാനിപ്പിക്കാൻ നെതന്യാഹുവിന് മേൽ രാജ്യാന്തര തലത്തിൽ കനത്ത സമ്മർദ്ദമുണ്ട്.
അതിനിടെ, ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ പലസ്‌തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 66,000 കടന്നതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഒക്‌ടോബറിലാണ് ഹമാസുമായി ഇസ്രയേൽ പോരാട്ടം ആരംഭിച്ചത്.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി