തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധം. ദേവസ്വം മന്ത്രി വിഎൻ വാസവന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസമാണ് സഭ പ്രക്ഷുബ്ധമാകുന്നത്. ശബരിമലയിലെ സ്വർണമോഷണം ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ഉന്നയിച്ചു. ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.
ശബരിമലയിലെ സ്വർണം മൂടിയ ദ്വാരപാലക ശിൽപ്പം ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തി എന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ലക്ഷക്കണക്കിന് വിശ്വാസികളെ ദേവസ്വം ബോർഡ് വഞ്ചിച്ചു. ദേവസ്വം മന്ത്രി രാജിവെച്ചു, ദേവസ്വം ബോർഡിനെ പുറത്താക്കണം, തീരുമാനം ഇന്ന് ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഹൈക്കോടതിയെ പോലും അംഗീകരിക്കാത്ത നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. ഏത് അന്വേഷണത്തെയും സർക്കാർ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ഉന്നത നീതിപീഠത്തിൽ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടെന്ന് പാർലമെന്ററികാര്യ മന്ത്രി എംബി രാജേഷ് പറഞ്ഞു. രാഷ്ട്രീയ കളിയുമായി ഇങ്ങോട്ട് വരരുതെന്ന് ഇന്നലെയാണ് ഒരു കോൺഗ്രസ് അംഗത്തോട് സുപ്രീം കോടതി പറഞ്ഞത്. പ്രതിപക്ഷത്തിന് കോടതിയെയും ജനത്തെയും പേടിയാണെന്നും മന്ത്രി പറഞ്ഞു.
Most Read| 70ആം വയസിൽ സ്കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി








































