കണ്ണൂർ: ന്യൂ മാഹി ഇരട്ടക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി. സിപിഎം പ്രവർത്തകരായ 16 പ്രതികളെയാണ് കോടതി വെറുതെവിട്ടത്. കേസിലെ രണ്ടു പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു.
കല്ലായി ചുങ്കത്ത് ബിജെപി- ആർഎസ്എസ് പ്രവർത്തകരായ മടോമ്മൽക്കണ്ടി വിജിത്ത്, കുറുന്തോടത്ത് ഷിനോജ് എന്നിവരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലാണ് അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞത്. 2010 മേയ് 28നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകങ്ങൾ നടന്നത്.
ക്കേസിലെ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടിസുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരും പ്രതികളാണ്. സുജിത്ത്, ടികെ സുമേഷ്, ഷെമീൽ, ഷമ്മാസ്, അബ്ബാസ്, രാഹുൽ, വിനീഷ്, വിജിത്ത്, ഫൈസൽ, സരീഷ്, സജീർ എന്നിവരാണ് മറ്റു പ്രതികൾ.
കഴിഞ്ഞ ജനുവരിയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. മൂന്ന് ഉദ്യോഗസ്‌ഥരാണ് കേസ് അന്വേഷിച്ചത്. ടിപി കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥനായ ഷൗക്കത്താണ് കുറ്റപത്രം സമർപ്പിച്ചത്.
30 വയസിന് താഴെ പ്രായമുള്ളവരായിരുന്നു കേസിലെ പ്രതികൾ. വിജിത്തും ഷിനോജും മാഹി കോടതിയിൽ പോയി വരുന്നതിനിടെ ആയിരുന്നു ഇവർക്കെതിരെ ആക്രമണം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മാഹി പള്ളൂർ സ്‌പിന്നിങ് സിപിഐഎം പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ വിജിത്തിനും ഷിനോജിനും പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
ജനുവരിയിൽ ആരംഭിച്ച വിചാരണ ഓഗസ്‌റ്റിൽ പൂർത്തിയായി. 44 സാക്ഷികളെ വിസ്‌തരിച്ചു. പ്രതിഭാഗം രണ്ട് സാക്ഷികളെയും വിസ്‌തരിച്ചു. 140 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ പി. പ്രേമരാജനും പ്രതിഭാഗത്തിനായി സികെ ശ്രീധരനും കെ വിശ്വനും ഹാജരായി.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്







































