കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ ബാങ്ക് വായ്‌പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. കാര്യണ്യമല്ല ഞങ്ങൾ തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു. മുണ്ടക്കൈ- ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമധേയാ സ്വീകരിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ബാങ്ക് വായ്‌പ എഴുതിത്തള്ളാൻ നിയമത്തിൽ വ്യവസ്‌ഥയില്ലെന്നും ഇത് കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കാണിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന് എതിരെയാണ് കോടതിയുടെ വിമർശനം.
കേന്ദ്ര സർക്കാരിന് അധികാരമില്ലെന്ന് പറയാനാവില്ലെന്ന് ആവർത്തിച്ച ഹൈക്കോടതി, വായ്‌പ എഴുതിത്തള്ളാൻ മനസുണ്ടോയെന്നതാണ് പ്രശ്‌നമെന്നും എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രത്തിന് പറയാനാവില്ലെന്നും പറഞ്ഞു.
വായ്‌പ എഴുതിത്തള്ളുന്നതിന് ഭരണഘടനയിൽ വ്യവസ്‌ഥയുണ്ടെന്ന് നേരത്തെ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്. ആരെയാണ് നിങ്ങൾ വിഡ്‌ഢികളാക്കാൻ ശ്രമിക്കുന്നത്. ഭരണഘടന വായിച്ചിട്ട് വരൂവെന്നും ഉദ്യോഗസ്‌ഥർ ഭരണഘടന വായിച്ചിട്ടില്ലേ എന്നും കോടതി ചോദിച്ചു.
ഗുജറാത്ത്, രാജസ്‌ഥാൻ ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകി. സഹായിക്കാൻ തയ്യാറല്ലെങ്കിൽ അത് ജനങ്ങളോട് പറയൂ. കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം അങ്ങേയറ്റം അസ്വസ്‌ഥപ്പെടുത്തുന്നതാണ്. കാരുണ്യമല്ല തേടുന്നതെന്നും കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞു.
അതേസമയം, മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കെതിരായ ബാങ്കുകളുടെ ജപ്‌തി നടപടികൾ കോടതി സ്‌റ്റേ ചെയ്‌തു. ഇത് ഒന്നിന്റെയും അവസാനമല്ലെന്ന് പറഞ്ഞ ഹൈക്കോടതി, ഇതാണ് മനോഭാവമെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.
Most Read| ഈ പട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം; മേയറും ക്ളർക്കുമെല്ലാം ഇവർ തന്നെ