കൊച്ചി: ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ശബരിമല സ്വർണക്കൊള്ളയിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. സ്വർണം പൂശലിൽ തിരിമറി നടന്നിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് കോടതി ഉത്തരവ്.
വിഷയത്തിൽ ദേവസ്വം വിജിലൻസ് റിപ്പോർട് സമർപ്പിച്ചതിന് പിന്നാലെയാണ് കോടതി നിർദ്ദേശം. 2019ൽ സ്വർണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വർണമാണ് കാണാതായിട്ടുള്ളതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം വിജിലൻസ് ഓഫീസറുടെ റിപ്പോർട് ഇന്ന് തന്നെ ദേവസ്വം ബോർഡിന് കൈമാറാനും കോടതി നിർദ്ദേശിച്ചു.
തുടർന്ന് സംസ്‌ഥാന പോലീസ് മേധാവിയുടെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാകണം എസ്ഐടി കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കേണ്ടത്. ശബരിമല ദേവസ്വം കമ്മീഷണറെ അറിയിക്കാതെയും ഹൈക്കോടതിയുടെ അനുമതിയില്ലാതെയും ദ്വാരപാലക ശിൽപ്പങ്ങളിലെ ചെമ്പുപാളികൾ സ്വർണം പൂശുന്നതിന് ചെന്നൈയ്‌ക്ക് കൊണ്ടുപോയതാണ് വിഷയം കോടതി മുമ്പാകെ എത്താൻ കാരണമായത്.
പിന്നാലെ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ കോടതി വിജിലൻസ് ഓഫീസർക്ക് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് വിജിലൻസ് ഓഫീസർ നൽകിയ റിപ്പോർട്ടിലാണ് 2019ലും സ്വർണം പൂശാൻ ചെന്നൈയ്‌ക്ക് കൊണ്ടുപോയിരുന്നു എന്ന വിവരവും വെളിപ്പെട്ടത്. ഇക്കാര്യം വിശദമായി പരിശോധിച്ച കോടതി, അന്ന് കൊണ്ടുപോയ തൂക്കത്തിനേക്കാൾ നാലര കിലോയോളം കുറവാണ് ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ഉണ്ടായത്.
മാത്രമല്ല, 39 ദിവസങ്ങൾക്ക് ശേഷമാണ് സന്നിധാനത്ത് നിന്ന് ഇവ ചെന്നൈയിൽ എത്തിച്ചതെന്നും കണ്ടെത്തി. ഈ സമയത്താണ് താൻ സ്വർണം പൂശി തിരിച്ചേൽപ്പിച്ച ദ്വാരപാലക ശിൽപ്പങ്ങളുടെ പീഠം കാണാനില്ല എന്ന അവകാശവാദവുമായി സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റി രംഗത്തുവന്നത്. പിന്നാലെയാണ് ക്രമക്കേടുകൾ ഓരോന്നായി പുറത്തുവന്നത്.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം