തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ. 2019ലെ, എ. പത്‌മകുമാർ പ്രസിഡണ്ടായ ഭരണസമിതിയെ ക്രൈം ബ്രാഞ്ച് പ്രതിചേർത്തു. ഈ ഭരണകാലത്താണ് ശബരിമല ദ്വാരപാലക ശിൽപ്പങ്ങളും വാതിലിന്റെ കട്ടിളയും സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയത്.
സ്വർണം കുറഞ്ഞതായി ആരോപണം ഉയർന്നതോടെയാണ് ഹൈക്കോടതി അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്. സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്‌ഥരും ഉൾപ്പടെ കേസിൽ പത്തുപേരെയാണ് പ്രതിചേർത്തിരുന്നത്. വ്യാജരേഖ ചമയ്‌ക്കൽ, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, വ്യവസ്‌ഥാപിതമല്ലാത്ത ഒന്നും ചെയ്‌തിട്ടില്ലെന്നും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതായി അറിയില്ലെന്നും എ. പത്‌മകുമാർ മാദ്ധ്യമങ്ങളോട് ആരാഞ്ഞു. സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയാണ് എഫ്‌ഐആറിൽ ഒന്നാം പ്രതി. ഒമ്പത് ദേവസ്വം ഉദ്യോഗസ്‌ഥരെ കൂട്ടുപ്രതികളാക്കിയിട്ടുണ്ട്.
ദ്വാരപാലക ശിൽപ്പങ്ങളുടെയും ശ്രീകോവിലിലെ കട്ടിളയുടെയും പാളികളിലെ സ്വർണം കൊള്ളയടിക്കപ്പെട്ട രണ്ട് വ്യത്യസ്‌ത സംഭവങ്ങളിലായാണ് കേസ്. ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ആദ്യം കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. മറ്റു പ്രതികളെയും ചോദ്യം ചെയ്‌ത് അറസ്‌റ്റ് രേഖപ്പെടുത്തിയേക്കും.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ