തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്ത് പ്രത്യേക അന്വേഷണ സംഘം. ഇയാളെ ചോദ്യം ചെയ്യുകയാണ്. പിന്നാലെ അറസ്റ്റ് ചെയ്തേക്കും. രാവിലെ പുളിമാത്തുള്ള വീട്ടിലെത്തിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.
രഹസ്യ കേന്ദ്രത്തിൽ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. പത്തനംതിട്ടയിലെ എആർ ക്യാമ്പിലേക്കാണ് കൊണ്ടുപോയതെന്നാണ് സൂചന. പ്രത്യേക സംഘത്തിലെ രണ്ട് ടീമുകൾ ചെന്നൈയിലും ഹൈദരാബാദിലും പരിശോധന തുടരുന്നതിനിടെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ശബരിമല സ്വർണപ്പാളി വിവാദത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന രണ്ട് എഫ്ഐആറുകളിലും ഉണ്ണിക്കൃഷ്ണൻ പോറ്റി പ്രതിയാണ്.
സ്വർണപ്പാളികളിൽ ഉണ്ടായിരുന്ന സ്വർണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയെന്നും അത് ദേവസ്വം ബോർഡിനെ തിരിച്ച് ഏൽപ്പിച്ചതായി രേഖകൾ ഇല്ലെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി പ്രത്യേക സംഘത്തെ രൂപീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലായി ദേവസ്വം ആസ്ഥാനത്ത് എത്തി സംഘം ദേവസ്വം എസ്പിയുമായി കൂടിക്കാഴ്ച നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പ്രധാന സഹായിയായ ഹൈദരാബാദ് സ്വദേശി നാഗേഷിലേക്കും അന്വേഷണം നീളുന്നുണ്ട്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!








































