റാന്നി: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ 13 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിൽ വിട്ടു. രാവിലെ 10.30നാണ് പോറ്റിയെ പ്രത്യേക അന്വേഷണ സംഘം റാന്നി ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ചത്. അഭിഭാഷകരെ ഉൾപ്പടെ പുറത്തിറക്കി രഹസ്യമായാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
ശബരിമലയിലെ രണ്ടുകിലോ സ്വർണം കവർന്നെന്നാണ് കേസ്. പോറ്റിയെ കസ്‌റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം നൽകിയ റിപ്പോർട് ബോധ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ് 14 ദിവസത്തെ റിമാൻഡിനൊപ്പം 13 ദിവസത്തെ അസാധാരണമായ കസ്‌റ്റഡി കോടതി അനുവദിച്ചത്. തന്നെ കുടുക്കിയതാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് പോറ്റി പോലീസ് വാഹനത്തിൽ കയറിയത്.
ഉച്ചയ്‌ക്ക് 12.30ന് പോറ്റിയുമായി എസ്ഐടി എസ്‌പി ശശിധരൻ മടങ്ങി. തട്ടിപ്പിന്റെ പ്രധാന കേന്ദ്രം ഉണ്ണിക്കൃഷ്‌ണൻ പോറ്റി ആണെന്ന നിഗമനത്തിലാണ് സംഘം. തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ഓഫീസിൽ കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്‌ത ശേഷമാണ് പോറ്റിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.
പോലീസ് കൊണ്ടുപോകും വഴി ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് നേരെ ചെരുപ്പേറ് ഉണ്ടായി. ബിജെപി പ്രാദേശിക നേതാവാണ് പോറ്റിക്ക് നേരെ ചെരുപ്പെറിഞ്ഞത്. സ്വർണം ഉണ്ണിക്കൃഷ്‌ണൻ പോറ്റി കൈവശപ്പെടുത്തിയെന്നാണ് എസ്ഐടിയുടെ അറസ്‌റ്റ് റിപ്പോർട്ടിൽ പറയുന്നത്. പോറ്റിയുടെ നടപടി ആചാര ലംഘനമാണ്. കൂട്ടുപ്രതികളുടെ പങ്ക് അടക്കം വ്യക്‌തമാകേണ്ടതുണ്ട്. സ്‍മാർട്ട് ക്രിയേഷൻസിനും പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പാളികളിലെ സ്വർണം തട്ടിയെടുക്കാൻ ആസൂത്രിത ശ്രമം നടന്നതായും രണ്ടുമുതൽ പത്തുവരെ പ്രതികൾക്ക് അന്യായമായ ലാഭമുണ്ടാക്കാൻ പോറ്റി ഇടപെട്ടെന്നുമാണ് അറസ്‌റ്റ് റിപ്പോർട്ടിൽ പറയുന്നത്. സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്‌ഥരെ ഉൾപ്പടെ കുരുക്കിലാക്കുന്ന മൊഴിയാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്.
ഞാൻ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് സന്നിധാനത്ത് വന്നപ്പോൾ മുതൽ ഈ സ്വർണക്കൊള്ളയുടെ ആസൂത്രണം തുടങ്ങി. അതിൽ ഉദ്യോഗസ്‌ഥർ അടക്കം വലിയ ഗൂഢാലോചനയിൽ പങ്കെടുത്തി എന്നാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ മൊഴി. ഉദ്യോഗസ്‌ഥർക്ക് പുറമെ ഭരണസമിതിയും തന്നെ സഹായിച്ചെന്നും ഇവർക്കെല്ലാം താൻ പ്രത്യുപകാരം ചെയ്‌തിട്ടുണ്ടെന്നുമാണ് പോറ്റിയുടെ മൊഴി.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!