പാലക്കാട്: നെൻമാറ പോത്തുണ്ടി തിരുത്തംപാടത്ത് സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ബോയൻ കോളനി സ്വദേശിയും അയൽവാസിയുമായ ചെന്താമരയ്‌ക്ക് ഇരട്ട ജീവപര്യന്തം. പാലക്കാട് അഡീഷണൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി (4) ആണ് വിധി പറഞ്ഞത്. മൂന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു.
ജസ്‌റ്റിസ് കെന്നത്ത് ജോർജാണ് ശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി പരാമർശിച്ചു. സജിത വധക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ചെന്താമര ഇരട്ട കൊലപാതകം നടത്തിയെന്ന കാര്യം സാക്ഷികൾക്ക് ഭീഷണിയാണെന്ന് പറഞ്ഞ പ്രോസിക്യൂഷൻ, പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് ആവശ്യപ്പട്ടിരുന്നത്.
കൊലപാതകം, അതിക്രമിച്ച് കടക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. 2019 ഓഗസ്‌റ്റ് 31ന് ആയിരുന്നു കൊലപാതകം. തിരുത്തംപാടത്തെ വീടിനകത്ത് കഴുത്തിന് പിന്നിലും തോളിലും വെട്ടേറ്റ നിലയിലാണ് സജിതയെ കണ്ടെത്തിയത്. ഭർത്താവ് സുധാകരൻ തിരുപ്പൂരിൽ ജോലി സ്‌ഥലത്തും മകൾ സ്‌കൂളിലുമായിരുന്നു.
തന്റെ കുടുംബം തകർത്തത് സജിതയാണെന്ന ചെന്താമരയുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സജിത വധക്കേസിൽ അറസ്‌റ്റിലായി റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്‌മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ