എറണാകുളം: അങ്കമാലിയിൽ പെൺകുട്ടിയെ പ്രസവിച്ചതിന്റെ പേരിൽ യുവതിക്ക് ഭർത്താവിൽ നിന്ന് ക്രൂരമർദ്ദനം. ആദ്യത്തെ കുഞ്ഞ് പെൺകുട്ടിയായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു പീഡനം.
നാല് വർഷത്തോളം യുവതി ഭർത്താവിൽ നിന്ന് കൊടിയ പീഡനം അനുഭവിച്ചു വരികയായിരുന്നു. ഒടുവിൽ പോലീസിൽ പരാതി നൽകി. അങ്കമാലി പോലീസാണ് കേസെടുത്തത്. 29 വയസുള്ള യുവതിയാണ് പരാതി നൽകിയത്. യുവതി പുത്തൻകുരിശ് സ്വദേശിയാണെന്നാണ് വിവരം.
മർദ്ദനത്തിലേറ്റ പരിക്കുകൾക്ക് ചികിൽസ തേടിയപ്പോൾ യുവതി നടന്ന സംഭവങ്ങൾ ഡോക്‌ടറോട് പറയുകയും അങ്ങനെ ക്രൂരതയുടെ വിവരങ്ങൾ പുറത്താകുകയുമായിരുന്നു. 2020ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. 2021ൽ ഇവർക്ക് പെൺകുഞ്ഞ് പിറക്കുകയും ചെയ്‌തു. അന്ന് മുതൽ ഭർത്താവ് യുവതിയെ ഉപദ്രവിച്ചുവരികയായിരുന്നു.
യുവതിയെ ചികിൽസിച്ച ഡോക്‌ടററാണ് അങ്കമാലി പോലീസിനെ വിവരമറിയിച്ചത്. കുഞ്ഞിനെയും ഭർത്താവ് മർദ്ദിച്ചിരുന്നതായി യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. യുവതിയെ വീട്ടുകാർക്ക് മുന്നിൽ വെച്ച് അസഭ്യം പറയുന്നത് പതിവാണെന്നും പോലീസ് എഫ്ഐആറിലുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്നും അറസ്‌റ്റ് ഉൾപ്പടെ നടന്നേക്കുമെന്നും പോലീസ് അറിയിച്ചു.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!








































