വാഷിങ്ടൻ: അമേരിക്കയിൽ സർക്കാർ പ്രഖ്യാപിച്ച ഷട്ട്ഡൗൺ തുടരും. സെനറ്റിൽ ഇന്ന് അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടു. ഇത് തുടർച്ചയായി 11ആം തവണയാണ് ധനാനുമതി ബിൽ പരാജയപ്പെടുന്നത്. അടച്ചുപൂട്ടൽ 21ആം ദിവസത്തിലേക്ക് നീണ്ടതോടെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്കാണ് ശമ്പളം വൈകുന്നത്.
ഭരണകക്ഷിയായ റിപ്പബ്ളിക്കൻ പാർട്ടിയുടെ ധനാനുമതി ബിൽ 43നെതിരെ 50നാണ് സെനറ്റിൽ പരാജയപ്പെട്ടത്. ബിൽ പാസാക്കാൻ വേണ്ടത് 60 വോട്ടുകളാണ്. ആരോഗ്യ പരിരക്ഷാ സബ്സിഡികൾ ഉൾപ്പെടുത്താത്ത ബില്ലാണ് ഡെമോക്രാറ്റുകളുടെ ശക്തമായ എതിർപ്പിന് കാരണമാകുന്നത്. ഇത് ബില്ലിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് റിപ്പബ്ളിക്കൻ പാർട്ടിയുടെ നിലപാട്.
ഭരണ സ്തംഭനത്തെ തുടർന്ന് സാമൂഹിക സുരക്ഷാ ചിലവുകൾ, ആരോഗ്യ പരിചരണ ചിലവുകൾ, വിദ്യാർഥികൾക്കുള്ള സഹായങ്ങൾ തുടങ്ങിയവയെല്ലാം മുടങ്ങിയിട്ടുണ്ട്. അവശ്യ സർവീസ് ഒഴികെയുള്ള സർക്കാർ സേവനങ്ങളെല്ലാം തടസപ്പെട്ടിരിക്കുകയാണ്. ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങൾക്കും വകുപ്പുകൾക്ക് പണമില്ലാതായതോടെ ഏഴരലക്ഷം ഫെഡറൽ ജീവനക്കാർ ശമ്പള രഹിത നിർബന്ധിത അവധിയിൽ തുടരുകയാണ്.
ഷട്ട്ഡൗൺ കൂടുതൽ പിരിച്ചുവിടലുകൾക്ക് കാരണമാകുമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആയിരക്കണക്കിന് സർക്കാർ ജീവനക്കാരെ പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് ഫെഡറൽ ജഡ്ജി കഴിഞ്ഞ ദിവസം താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!







































