പാലക്കാട്: അട്ടപ്പാടിയിൽ തണ്ടപ്പേർ ലഭിക്കാത്തതിനാൽ കർഷകൻ കൃഷ്ണസ്വാമി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അഗളി വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കാലങ്ങളായി അട്ടപ്പാടി മേഖലയിലെ കർഷകർക്ക് നേരെയുണ്ടാകുന്ന സമാന അനുഭവങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
പോലീസിനെ മറികടന്ന് വില്ലേജ് ഓഫീസിലെ ഗെയ്റ്റ് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചു. അതേസമയം, അഗളി വില്ലേജ് ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ചും ഇന്ന് നടക്കും. റവന്യൂ വകുപ്പിനെതിരെ വലിയ രീതിയിലുള്ള ആരോപണമാണ് കൃഷ്ണസ്വാമിയുടെ കുടുംബം ഉയർത്തുന്നത്. വില്ലേജ് ഓഫീസിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് കൃഷ്ണസ്വാമിയുടെ ഭാര്യ കമലം പറഞ്ഞു.
വർഷങ്ങളായി കൃഷി ചെയ്യുന്ന സ്ഥലം തന്റേതല്ലെന്ന് ഉദ്യോഗസ്ഥർ പറയുകയുണ്ടായി. ഇതിന്റെ മനോവിഷമത്തിൽ ആയിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. 2.5 സെന്റ് സ്ഥലം വഴിക്കായി കൊടുത്തിരുന്നു. ഇതിന്റെയെല്ലാം രേഖകൾ ഹാജരാക്കിയിരുന്നുവെന്നും കമലം പ്രതികരിച്ചു.
തണ്ടപ്പേർ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറുമാസമായി കൃഷ്ണസ്വാമി വില്ലേജ് ഓഫീസ് കയറിയിറങ്ങുകയായിരുന്നു. എന്നാൽ, കർഷകന്റെ കാര്യത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും സാങ്കേതിക പ്രശ്നങ്ങൾ നീക്കാനായി നടപടികൾ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പ് നൽകുന്ന വിശദീകരണം. ഇന്നലെ ഉച്ചയോടെയാണ് ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമിയെ സ്വന്തം കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Most Read| സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ഗൗരി; ചുമതലയേറ്റു








































