നമ്മുടെ ദൈനംദിന പാചക മെനുവിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പച്ചക്കറിയാണ് തക്കാളി. എന്നാൽ, ലോകത്തിലെ ഏറ്റവും വിലയുള്ള തക്കാളിയെ കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് ‘ഹസാര ജെനറ്റിക്‌സ്’ എന്ന കമ്പനി ഉൽപ്പാദിപ്പിക്കുന്ന തക്കാളി. ഈ തക്കാളികളുടെ വിത്തുകൾക്ക് പൊന്നും വിലയാണ്.
ഒരുകിലോ തക്കാളി വിത്തിന് മൂന്ന് കോടി രൂപ വരും. കേട്ടാൽ ഞെട്ടുമെങ്കിലും സംഭവം സത്യമാണ്. ഒരു വിത്തിൽ നിന്നുണ്ടാകുന്ന ചെടിയിൽ നിന്ന് ഏകദേശം 20 കിലോ തക്കാളി ഉൽപ്പാദിപ്പിക്കപ്പെടും. ഈ തക്കാളിക്ക് സവിശേഷമായ സ്വാദാണ്. അതുകൊണ്ടുതന്നെ യൂറോപ്പിൽ ഇവയ്‌ക്ക് വലിയ ഡിമാൻഡുണ്ട്.
മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ തക്കാളികൾക്കുള്ളിൽ വിത്തുകൾ ഉണ്ടാകില്ല. അതിനാൽ, വീണ്ടും തക്കാളി വളർത്താൻ വിത്തുകൾ വേറെ വാങ്ങേണ്ടി വരും. തക്കാളി വിത്തിന് മാത്രമല്ല, അത് കിളിർത്തുണ്ടാകുന്ന ചെടിയിൽ പിടിക്കുന്ന തക്കാളികൾക്കും വലിയ വിലയാണ്.
നമ്മൾ പച്ചക്കറി ഗണത്തിൽപ്പെടുത്തിയ തക്കാളി യഥാർഥത്തിൽ ഒരു പഴവർഗമാണ്. ഇന്ന് ലോക വ്യാപകമായി ഉപയോഗിക്കുന്ന തക്കാളി 300-400 വർഷം മുൻപ് ലോകത്ത് പലയിടത്തുമില്ലായിരുന്നു. വളരെ അടുത്ത കാലഘട്ടത്തിലാണ് തക്കാളി ലോകം മൊത്തം പ്രിയങ്കരമായത്.
തെക്കേ അമേരിക്കയിലാണ് തക്കാളിയുടെ ജനനം. ഇന്ന് കാണുന്നത്ര വലിപ്പത്തിലല്ല, തീരെ ചെറുതായിരുന്നു തക്കാളി. പെറുവിലാണ് ഇത് ആദ്യമായി ഉണ്ടായതെന്ന് കരുതുന്നു. ഇന്ന് കാണുന്ന തക്കാളി ചെടികളെല്ലാം ഒരേ സ്‌പീഷീസിൽ നിന്ന് വന്നതാണ്. എന്നാൽ, തക്കാളി ചെടികളുടെ ചില കാട്ടിൽ വളരുന്ന ബന്ധുക്കൾ ഇന്നും തെക്കേ അമേരിക്കയിലുണ്ട്.
Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്‌ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്





































