തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ഇന്ന് അറസ്‌റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ഇന്നലെ രാത്രി പത്തിന് പെരുന്നയിലെ വീട്ടിലെത്തിയാണ് മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്തത്.
ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി കടത്തിയ കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. ചോദ്യം ചെയ്യലിനായി ഇദ്ദേഹത്തെ തിരുവനന്തപുരത്തെത്തിച്ചു. മുരാരി ബാബുവിനെ ചോദ്യം ചെയ്‌താൽ കൂടുതൽ സുപ്രധാനമായ വിവരങ്ങൾ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മുരാരി ബാബുവിന്റെ റോൾ എന്താണ്, ആർക്ക് വേണ്ടിയാണ് പ്രവർത്തിച്ചത് എന്നിവയെല്ലാം പുറത്തുവരണം.
ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെയും ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തേക്കും. ശബരിമല അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരിക്കെ ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്‌ച വരുത്തി എന്നാണ് മുരാരി ബാബുവിനെതിരായ കുറ്റം.
ചെമ്പ് തെളിഞ്ഞതുകൊണ്ടാണ് വീണ്ടും പൂശാൻ നൽകിയതെന്നായിരുന്നു ബാബുവിന്റെ വിശദീകരണം. ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ വീഴ്‌ചയിൽ പങ്കില്ലെന്നും അദ്ദേഹം ആവർത്തിച്ചിരുന്നു. മഹസറിൽ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്‌ഥാനത്തിലാണ്. താൻ നൽകിയത് പ്രാഥമിക റിപ്പോർട് മാത്രമാണ്. പരിശോധനയ്‌ക്ക് ശേഷം അനുമതി നൽകുന്നത് തനിക്ക് മുകളിൽ ഉള്ളവരാണെന്നും മുരാരി ബാബു പറഞ്ഞിരുന്നു.
Most Read| ചാണ്ടി ഉമ്മൻ ടാലന്റ് ഫണ്ട് നോഡൽ കോർഡിനേറ്റർ, മേഘാലയയുടെ ചുമതല നൽകി








































