കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി വടകര എംപി ഷാഫി പറമ്പിൽ. തന്നെ മർദ്ദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡാണ്. ഗുണ്ടാ ബന്ധത്തിന്റെ പേരിൽ 2023 ജനുവരിയിൽ സർവീസിൽ നിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്‌ഥരിൽ ഒരാളാണ് അഭിലാഷ് എന്നും ഷാഫി ആരോപിച്ചു.
പോലീസ് ബോധപൂർവം സൃഷ്‌ടിച്ചതാണ് പേരാമ്പ്രയിലെ സംഘർഷം. അതിന് രാഷ്‌ട്രീയ നിർദ്ദേശമുണ്ടായിരുന്നു എന്ന് ഉറപ്പാണെന്നും കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ ഷാഫി പറമ്പിൽ ആരോപിച്ചു. പിരിച്ചുവിട്ടെന്ന് മാദ്ധ്യമങ്ങളോടും നിയമസഭയിലും പറയുക. ശേഷം അവരെ രഹസ്യമായി തിരിച്ചെടുത്ത ശേഷം സിപിഎം പറയുന്ന ഗുണ്ടാപ്പണിക്ക് നിയോഗിക്കുക എന്നതാണ് സംഭവിച്ചത്.
സിഐ അഭിലാഷ് ഡേവിഡ് എന്ന സിപിഎമ്മിന്റെ പോലീസ് ഗുണ്ടയാണ് പേരാമ്പ്രയിലെ പോലീസ് അക്രമത്തിന് നേതൃത്വം നൽകിയത്. ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്‌തതിന്റെ ഓർഡറുണ്ട്. എന്നാൽ, പിരിച്ചുവിട്ടതിന്റെ ഓർഡറില്ല. പേരാമ്പ്ര സംഘർഷത്തിന്റെ വീഡിയോ ഉൾപ്പടെ പങ്കുവെച്ചുകൊണ്ടായിരുന്നു ഷാഫിയുടെ വാർത്താ സമ്മേളനം.
പേരാമ്പ്രയിലെ സമാധാനം കളയാതിരിക്കാനുള്ള ഇടപെടലാണ് അവിടെ നടത്തിയത്. പിറ്റേ ദിവസം ദൃശ്യങ്ങൾ പുറത്തുവരുന്നിടംവരെ മർദ്ദനമേറ്റിട്ടില്ല, മഷിയാണ്, പെയിന്റാണ് എന്നൊക്കെ പറഞ്ഞു നടന്നവർക്ക് മാറ്റിപ്പറയേണ്ടി വന്നു. എഐ ടൂൾ ഉപയോഗിച്ച് മർദ്ദിച്ചയാളെ കണ്ടെത്തുമെന്ന് പറഞ്ഞു. എന്തേ സർക്കാരിന്റെ എഐ ടൂൾ പണിമുടക്കിയോ. അടിച്ചയാളെ എന്തേ ഇതുവരെ കണ്ടെത്താത്തത്. ഇതുവരെ പോലീസ് തന്റെ മൊഴി എടുത്തിട്ടില്ലെന്നും കേസ് രജിസ്‌റ്റർ ചെയ്‌തതായുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഷാഫി കൂട്ടിച്ചേർത്തു.
Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്‌ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്







































