ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ ഇടഞ്ഞു നിൽക്കുന്ന സിപിഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. ആലപ്പുഴ ഗസ്‌റ്റ് ഹൗസിൽ മുഖ്യമന്ത്രിയും സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷവും അനുനയ നീക്കം പാളിയതോടെയാണ് തീരുമാനം.
സിപിഐക്ക് നാല് മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. കെ. രാജൻ, ജിആർ അനിൽ, പി. പ്രസാദ്, ചിഞ്ചുറാണി എന്നിവരാണ് സിപിഐ മന്ത്രിമാർ. ആലപ്പുഴ ഗസ്‌റ്റ് ഹൗസിൽ മുക്കാൽ മണിക്കൂറോളം ആണ് ബിനോയ് വിശ്വവും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്‌ച നീണ്ടത്. ഇതിന് ശേഷമാണ് സിപിഐ മന്ത്രിമാരായ കെ. രാജൻ, ജിആർ അനിൽ, പി. പ്രസാദ് എന്നിവർ മുഖ്യമന്ത്രിയെ കണ്ടത്.
ഇതിന് ശേഷം ഗസ്‌റ്റ് ഹൗസിലെ ബിനോയ് വിശ്വത്തിന്റെ മുറിയിൽ സിപിഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് കൂടി. അതേസമയം, സിപിഐ ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടായിട്ടില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചു. തങ്ങളുടെ പ്രശ്‌നങ്ങൾ ബാക്കിയാണ്. അടുത്ത ഘട്ടം അറിയിക്കാം.
സിപിഐക്ക് ഒരു നേതൃത്വമുണ്ട്. ഇവിടെയും ഡൽഹിയിലും നേതൃത്വമുണ്ട്. ആവശ്യമായ ചർച്ചകൾക്ക് ശേഷം സിപിഐയുടെ തീരുമാനം അറിയിക്കാമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്ന് തീരുമാനം പറയും എന്നാണല്ലോ പറഞ്ഞത് എന്ന ചോദ്യത്തിന്, എനിക്ക് ഇന്ന് തീരുമാനം ഇല്ല എന്നായിരുന്നു ബിനോയ് വിശ്വാസത്തിന്റെ പ്രതികരണം. ഇപ്പോഴത്തെ അവസ്‌ഥയിൽ നാളെയൊരു ചർച്ചയ്‌ക്ക് സാധ്യതയില്ല. ഇന്നത്തെ യോഗത്തിന്റെ തീരുമാനം യഥാസമയം അറിയിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Most Read| സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്; സൂര്യകാന്തിനെ ശുപാർശ ചെയ്‌ത് ബിആർ ഗവായ്







































